ഹര്‍ത്താല്‍ വിരുദ്ധ ബില്‍ അവതരിപ്പിച്ചവരുടെ ഹര്‍ത്താല്‍; മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചവര്‍ തന്നെ മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് രോഗികളെയും ജനങ്ങളെയും ബുദ്ധിമുട്ടിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്ത് നോട്ടീസയച്ചു. ഹര്‍ത്താല്‍ മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകളെയും അവ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ നിയന്ത്രണ കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച അന്നത്തെ  ആഭ്യന്തരമന്ത്രിയാണ് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് പൊതുപ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ മുഖേന മൂന്നു ദിവസം മുമ്പ് അറിയിക്കാതെ ഹര്‍ത്താല്‍ സംഘടിപ്പിക്കരുതെന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്.

ഹര്‍ത്താല്‍ സംഘടിപ്പിക്കുമ്പോള്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തുക ഈടായി നിക്ഷേപിക്കണം. ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്താന്‍ പാടില്ളെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച ഹര്‍ത്താലില്‍ ബസ് തടഞ്ഞുനിര്‍ത്തി രോഗികളെ ഇറക്കിവിടുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ വാഹനങ്ങള്‍ പോലും തടഞ്ഞു പരീക്ഷകള്‍ തടസ്സപ്പെടുത്തി. എ.ടി.എമ്മുകള്‍ അടപ്പിച്ചു. അത്യാവശ്യ കാര്യങ്ങള്‍ നടത്താനാവാതെ ജനം വലഞ്ഞതായും പരാതിയില്‍ പറയുന്നു.

ബില്‍ അനുസരിച്ച് അനുവദനീയമായ രീതിയിലല്ലാതെ ആര്‍ക്കും ഹര്‍ത്താല്‍ നടത്താന്‍ പാടില്ല. പൊതുസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവ തടസ്സപ്പെടുത്തരുത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ആറുമാസം വരെയുള്ള തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ചുമത്തി ശിക്ഷിക്കപ്പെടും.

ഹര്‍ത്താല്‍ വഴി പീഡനം അനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ പൊലീസ് തയാറാകാതിരുന്നാല്‍ ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴ ചുമത്താമെന്നും വ്യവസ്ഥയുണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.