ഭക്ഷണവും ചികിത്സയും ലഭിച്ചില്ല; മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മ മരിച്ചു

എടപ്പാള്‍ (മലപ്പുറം): മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മ യഥാസമയം ഭക്ഷണവും ചികിത്സയും ലഭിക്കാത്തതിനെതുടര്‍ന്ന് മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടിലത്തെിയ വാര്‍ഡംഗം റാബിയ കണ്ടത് മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള ഏക മകളെയാണ്. എടപ്പാള്‍ ജങ്ഷനില്‍ പാലക്കാട് റോഡിലെ പൊന്നാനി ബ്ളോക് പഞ്ചായത്ത് ഓഫിസിന് സമീപത്ത് താമസിക്കുന്ന മതിലകത്ത് കുന്നത്താട്ടില്‍ ശോഭനയെയാണ് (55) തിങ്കളാഴ്ച രാവിലെ പത്തിന് വീടിനകത്തെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ശോഭനക്ക് സുഖമില്ളെന്ന് കഴിഞ്ഞദിവസം ഇവരുടെ ചില ബന്ധുക്കള്‍ വാര്‍ഡംഗം റാബിയയെ അറിയിച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ കൂടെ നില്‍ക്കാന്‍ ബന്ധുക്കളാരും സമ്മതമറിയിച്ചില്ല. തുടര്‍ന്നാണ് സ്വന്തം ഉത്തരവാദിത്തത്തില്‍ ശോഭനയെ കൊണ്ടുപോകാമെന്നറിയിച്ച് റാബിയ ശോഭനയുടെ ചില ബന്ധുക്കള്‍ക്കൊപ്പം വീട്ടിലത്തെിയത്. അവശനിലയിലുള്ള മകള്‍ ശ്രുതി അമ്മ മിണ്ടുന്നില്ളെന്ന് റാബിയയോട് പറഞ്ഞു. സംശയം തോന്നി നോക്കിയപ്പോഴാണ് ശോഭന മരിച്ചതായി കണ്ടത്. ശരീരത്തില്‍ ഉറുമ്പുകളുണ്ടായിരുന്നു. ശ്രുതിയെ ആരോഗ്യവകുപ്പ് അധികൃതരത്തെി പിന്നീട് എടപ്പാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ആരും ഭക്ഷണമത്തെിച്ച് തരാന്‍ തയാറായില്ളെന്നും ശ്രുതി പറയുന്നു. എന്നാല്‍, മരണം എന്നാണ് നടന്നതെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ശോഭന മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നേരത്തേ ഇവരെ ഉപേക്ഷിച്ചതാണ്. സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് ശോഭനയുമായി ബന്ധുക്കള്‍ അകല്‍ച്ചയിലായിരുന്നു. ചങ്ങരംകുളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടക്കും.
മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി ഡോ. കെ.ടി. ജലീലിന്‍െറ നരിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ എടപ്പാളില്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.