കണ്‍സ്യൂമര്‍ ഫെഡില്‍ അനധികൃത സ്വത്ത് സമ്പാദിച്ചവരുടെ വിവരം വിജിലന്‍സിന്

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം. ഇനി മുതല്‍ പൊലീസ് സഹായത്തോടെ പശ്ചാത്തലം പരിശോധിച്ച ശേഷമേ ജീവനക്കാരെ മദ്യവില്‍പനശാലകളുടെ ചുമതലയില്‍  നിയോഗിക്കൂ. അഴിമതി നിയന്ത്രിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയര്‍മാന്‍ എം.മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ.എം.രാമനുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. ഒരു പ്രത്യേക കാലയളവില്‍ നിയമിതരായവരാണ് കുഴപ്പക്കാരെന്ന് കണ്ടത്തെിയിട്ടുണ്ട്.

ക്രമക്കേടുകളുടെ കേന്ദ്രമായി വിദേശ മദ്യശാലകള്‍ മാറിയ സാഹചര്യത്തിലാണ്് കര്‍ശന നടപടികള്‍ക്ക് തീരുമാനിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ആറ് മദ്യഷാപ്പുകളില്‍ മിന്നല്‍പരിശോധനനടത്തി തിരിമറി കണ്ടത്തെിയിരുന്നു. കൊല്ലം, പൊന്‍കുന്നം, മലമ്പുഴ, കലൂര്‍ എന്നിവിടങ്ങളിലെ മദ്യഷാപ്പുകളിലാണ് തിരിമറി കണ്ടത്തെിയത്. തിരിമറി അവസാനിപ്പിക്കാന്‍ സ്ഥിരം ജീവനക്കാരെ ഇവിടങ്ങളില്‍ നിയോഗിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിദേശമദ്യഷാപ്പുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും. കണ്‍സ്യൂമര്‍ ഫെഡില്‍ ഇനിയങ്ങോട്ട് മദ്യശാലകളുടേതടക്കം ചുമതല വഹിക്കുക സ്ഥിരം ജീവനക്കാര്‍ മാത്രമായിരിക്കും.
ആരോപണവിധേയരായ 113 ജീവനക്കാരില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ 39 പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 12പേരെ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ചെടുത്തു. വ്യക്തമായ തെളിവുകളില്ലാതെ ആരോപണങ്ങളുടെ പേരില്‍ മാത്രം നടപടിയെടുക്കാന്‍ സാധിക്കില്ളെന്ന് മാനേജിങ് ഡയറക്ടര്‍ രാമനുണ്ണി പറഞ്ഞു. വഴിവക്കില്‍ കിടക്കുന്ന മൊബൈല്‍ ത്രിവേണികള്‍ ആവശ്യമെങ്കില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് കൈമാറും. ഉപയോഗയോഗ്യമല്ലാത്തവ ഒക്ടോബര്‍ 20ന് മുമ്പ് ലേലം ചെയ്യും.

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന കേടുപറ്റിയ വസ്തുക്കള്‍ പത്രപരസ്യം നല്‍കി ലേലം ചെയ്യും. സീനിയര്‍ ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗം 27, 28തീയതികളില്‍ നടക്കും. കാര്യക്ഷമവും സുതാര്യവുമായ ആഭ്യന്തര ഓഡിറ്റിന് പ്രഫഷനല്‍ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണച്ചന്തയുടെ വില്‍പനയില്‍ 200 ശതമാനത്തിലേറെ വളര്‍ച്ച നേടാന്‍ കഴിഞ്ഞതായി ചെയര്‍മാനും എം.ഡിയും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി മെംബര്‍ കെ.വി. കൃഷ്ണനും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.