പാലക്കാട് മെഡി. കോളജ്: അഴിമതിക്ക് ചരടുവലിച്ചത് ഭരണനേതൃത്വം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ നിയമന അഴിമതിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ചരടുവലിച്ചത് ഉന്നത ഭരണനേതൃത്വമെന്ന് സൂചന. സര്‍ക്കാര്‍ ചട്ടം മറികടന്ന് ഭരണനേതൃത്വത്തിന് ഒത്താശ ചെയ്തതാണ് വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയ്യക്ക് വിനയായത്. അവ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് പിടിവള്ളിയാക്കിയായിരുന്നു സ്പെഷല്‍ ഓഫിസര്‍ നിയമന ഉത്തരവുകളിറക്കിയത്. കോളജിന്‍െറ ഭരണനിയന്ത്രണം, ഫണ്ട് വിനിയോഗം, ജീവനക്കാരുടെ നിയമനം എന്നിവയില്‍ യു.ഡി.എഫ് ഭരണനേതൃത്വത്തിന് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് വിജിലന്‍സിന്‍െറ പുതിയ കണ്ടത്തെല്‍.

പട്ടികജാതി വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍നിന്ന് 800 കോടിയോളം ചെലവഴിച്ചാണ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമ മന്ത്രി വൈസ് ചെയര്‍മാനുമായ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്‍െറ ഭരണനിയന്ത്രണം. സ്ഥലമെടുപ്പും നിര്‍മാണവുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കി കണ്‍സല്‍ട്ടന്‍സിയെ നിയോഗിച്ചത് വെട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു. കരാര്‍ കമ്പനിയുമായി ഭരണനേതൃത്വം ഒത്തുകളിച്ചു. കോളജിന് ചുറ്റുമുള്ള സ്ഥലം റിയല്‍ എസ്റ്റേറ്റ് ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും വാങ്ങിക്കൂട്ടി.
കോളജിന് മേല്‍ പട്ടികജാതി ഡയറക്ടറേറ്റിന് ഭരണനിയന്ത്രണം ഉണ്ടായിരുന്നില്ല. ചുമതല പൂര്‍ണമായും റിട്ട. ഐ.എ.എസുകാരനായ സ്പെഷല്‍ ഓഫിസര്‍ക്ക് നല്‍കി. പി.എസ്.സി നിയമനം ഒഴിവാക്കാന്‍ ഭരണതല ഇടപെടലുണ്ടായി. ഇതിനുള്ള ഉപായമായിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ.എം.ജി) വഴി ആദ്യഘട്ടത്തില്‍ ചുരുക്കം നിയമനങ്ങള്‍ നടത്തിയത്. പിന്നീട് ഇതിന്‍െറ മറവില്‍ സ്പെഷല്‍ ഓഫിസര്‍ സ്വന്തംനിലക്ക് 140ലധികം അധ്യാപക, അനധ്യാപക തസ്തികകളില്‍ സ്ഥിര നിയമനം നടത്തുകയായിരുന്നു. ഇടത് മുന്നണിയിലെ മുഖ്യകക്ഷിയുടെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ നിയമനങ്ങളില്‍ പങ്ക് നല്‍കിയതായി ആരോപണമുണ്ട്. രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് നിയമനം നടത്തിയതെന്ന ആരോപണം ശക്തമാണ്.
നിയമനങ്ങളില്‍ സംവരണതത്ത്വവും യോഗ്യതാ മാനദണ്ഡവും അട്ടിമറിക്കപ്പെട്ടു. വിരമിച്ചവരും പ്രവര്‍ത്തനപരിചയമില്ലാത്തവരുമായ ഇതരസംസ്ഥാനക്കാരും ഉയര്‍ന്ന തസ്തികകളില്‍ കയറിക്കൂടിയിട്ടുണ്ട്.

ഗവ. മെഡിക്കല്‍ കോളജിലെ നിയമനങ്ങള്‍ നിയമവിരുദ്ധമെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് അനധികൃതമായി ജോലിയില്‍ പ്രവേശിച്ച 170 പേരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അഡീ. ചീഫ് സെക്രട്ടറി (ഹോം ആന്‍ഡ് വിജിലന്‍സ്) നളിനി നെറ്റോ വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച് തുടര്‍നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കെയാണ്, 2016 ഫെബ്രുവരി 29ന് അഡീ. ചീഫ് സെക്രട്ടറി ജോ. ഇന്ദ്രജിത് സിങ് 170 താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കിക്കൊണ്ടുള്ള വിവാദ ഉത്തരവിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.