പൊലീസ് സ്ഥലംമാറ്റം: താക്കോല്‍സ്ഥാനങ്ങളില്‍ പലതിലും അയോഗ്യരെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അടുത്തിടെ നടന്ന സ്ഥലംമാറ്റങ്ങളുടെ ഭാഗമായി താക്കോല്‍സ്ഥാനങ്ങളില്‍ അയോഗ്യര്‍ കയറിക്കൂടിയെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം.
അടുത്തിടെ ഇറങ്ങിയ സി.ഐമാരുടെ സ്ഥലംമാറ്റപട്ടികയില്‍ ഇടംനേടിയ പലരെയും ക്രമസമാധാനചുമതലയില്‍ നിയമിക്കരുതെന്ന് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്.

അഴിമതിയും സ്വഭാവദൂഷ്യവുമുള്ള ഉദ്യോഗസ്ഥരില്‍ പലരും സുപ്രധാനതസ്തികകളില്‍ നിയമിതരായത് ഗൗരവമായി കാണണമെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണവിധേയമാക്കണമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനത്ത് നിയമിതരായ സി.ഐമാരില്‍ പലരും അഴിമതിക്കാരാണ്. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ അനധികൃത സ്വത്ത്സമ്പാദനഅന്വേഷണവിഭാഗത്തിലിരുന്ന്(സ്പെഷല്‍ സെല്‍) ‘പിരിവ്’ നടത്തിയ ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.

വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് തന്നെ അന്വേഷണം നടത്തിയിരുന്നു.
വിന്‍സന്‍ എം. പോള്‍ വിരമിച്ചതോടെ വീണ്ടും വിജിലന്‍സില്‍ തുടര്‍ന്ന ഇദ്ദേഹത്തെ ജേക്കബ് തോമസ് വിജിലന്‍സില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മണല്‍മാഫിയയുമായുള്ള അവിഹിതബന്ധത്തെതുടര്‍ന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനും വനിതാ സിവില്‍ പൊലീസ് ഓഫിസറോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനും താക്കോല്‍സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവരില്‍ ചില ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണങ്ങള്‍ കോടതിയുടെ രൂക്ഷ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സുപ്രധാന ഡിവിഷനുകളില്‍ നിയമിതരായ ഡിവൈ.എസ്.പിമാരും അനധികൃത സ്വത്തുസമ്പാദനം നടത്തിയവരാണെന്ന് ഇന്‍റലിജന്‍സ് വിഭാഗം പറയുന്നു. ഇവരുടെ പ്രവൃത്തികള്‍ സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.