ഹിമവല്‍ ഭദ്രാനന്ദ സ്വാമിക്കെതിരായ കേസിന്‍െറ വിചാരണ തുടങ്ങി

കൊച്ചി: ആലുവ പൊലീസ് സി.ഐ ഓഫിസില്‍ വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് തോക്ക് സ്വാമി എന്ന പേരില്‍ അറിയപ്പെട്ട ഹിമവല്‍ ഭദ്രാനന്ദ സ്വാമിക്കെതിരായ കേസിന്‍െറ വിചാരണ തുടങ്ങി. പറവൂര്‍ സെഷന്‍സ് കോടതിയിലാണ് നടപടി ആരംഭിച്ചത്. 2008 മേയ് 18നാണ് ആലുവ സി.ഐ ഓഫിസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സ്വാമി വെടിയുതിര്‍ത്തത്. സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ ആലുവ ഡിവൈ.എസ്.പിയുമായ കെ.ജി. ബാബുകുമാര്‍ തോക്ക് തട്ടിക്കളഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവായി.

സ്വാമിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് സ്വാമിക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് അശോകപുരത്തെ താമസസ്ഥലത്ത് ആത്മഹത്യചെയ്യുകയാണെന്ന് പറഞ്ഞ് ഇയാള്‍ തലയിലേക്ക് തോക്ക് ചൂണ്ടിയത്. ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സ്വാമിയെ പൊലീസ് ജീപ്പില്‍ കയറ്റി ആലുവ സി.ഐ ഓഫിസില്‍ കൊണ്ടുവരുകയായിരുന്നു. ഇവിടെ വെച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിക്കാന്‍ ശ്രമിച്ചത്.

തോക്ക് തട്ടിമാറ്റുന്നതിനിടെ സി.ഐയായിരുന്ന കെ.ജി. ബാബുവിന്‍െറ കൈ മുറിഞ്ഞിരുന്നു. ആത്മഹത്യശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശംവെക്കല്‍, ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.