ലഹരികടത്ത് തടയാന്‍ ഓണം കഴിയുംവരെ പ്രത്യേക റെയ്ഡ് –ഋഷിരാജ് സിങ്

കുമളി: സംസ്ഥാനത്തേക്ക് സ്പിരിറ്റും വ്യാജമദ്യവും ലഹരിപദാര്‍ഥങ്ങളും കടത്തുന്നത് തടയാന്‍ ഓണം കഴിയുംവരെ പ്രത്യേക റെയ്ഡ് തുടരുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. ഓണക്കാലത്തെ പരിശോധനകള്‍ വിലയിരുത്താന്‍ കുമളിയിലെ അതിര്‍ത്തി ചെക്പോസ്റ്റിലത്തെിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഉള്‍പ്പെടെ എത്താന്‍ സാധ്യതയുള്ള തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക റെയ്ഡ് തുടരും. സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പനശാലകള്‍ വഴി അനധികൃത മദ്യവില്‍പന നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. അനധികൃത മദ്യവില്‍പന, ലഹരികടത്ത്, കള്ളവാറ്റ് എന്നിവ തടയാന്‍ കലക്ടര്‍മാരുടെ കീഴില്‍ പ്രത്യേക സംഘം രൂപവത്കരിച്ചതായി അദ്ദേഹം പറഞ്ഞു.

സംഘത്തില്‍ എക്സൈസിന് പുറമെ പൊലീസ്-വനം അധികൃതരും ഉണ്ട്. തമിഴ്നാട് ഡി.ജി.പിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് കള്ളവാറ്റ് നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടക്കുകയാണ്. ഇതിനോടകം 10,000 ലിറ്റര്‍ വ്യാജ വാറ്റാണ് നശിപ്പിച്ചത്. ഓണമടുക്കുന്നതോടെ 7000 ലിറ്റര്‍ വ്യാജവാറ്റുകൂടി പിടികൂടാനാകുമെന്നാണ് കരുതുന്നതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.

സംസ്ഥാനത്ത് ലഹരിമരുന്ന് കടത്ത് കേസുകള്‍ ഏഴുമാസത്തിനുള്ളില്‍ രണ്ടായിരത്തിലധികം രജിസ്റ്റര്‍ ചെയ്തു. കള്ളുഷാപ്പ് വഴി ആനമയക്കിപോലുള്ള വീര്യംകൂടിയ കള്ള് വില്‍ക്കുന്നത് തടയാന്‍ റെയ്ഡ് ശക്തമാക്കിയതായും മലപ്പുറം ജില്ലയിലെ ആറ് കള്ളുഷാപ്പുകള്‍ പൂട്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുമളി ടൗണിലുള്ള അതിര്‍ത്തി ചെക് പോസ്റ്റിന് മുന്നില്‍ റോഡില്‍ നടക്കുന്ന പരിശോധനകള്‍ നേരിട്ട് നിരീക്ഷിച്ചശേഷമാണ് കമീഷണര്‍ കമ്പംമെട്ടിലെ അതിര്‍ത്തി ചെക് പോസ്റ്റിലേക്ക് പോയത്. സര്‍ക്കാര്‍ തീരുമാനം വരുന്നതനുസരിച്ച് ചെക്പോസ്റ്റുകളില്‍ ലഹരി കടത്ത് തടയാന്‍ സ്കാനറുകള്‍ സ്ഥാപിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.