മതസൗഹാര്‍ദ പരിപാടിക്ക് ഭീഷണി: പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: ഭീഷണികാരണം മതസൗഹാര്‍ദ സംവാദ സദസ്സിന്‍െറ വേദി മാറ്റേണ്ടിവന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഭീഷണിസന്ദേശങ്ങള്‍ക്കുപിന്നിലുള്ള സംഘടനാ ബന്ധങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മതസൗഹാര്‍ദ സദസ്സുകള്‍ക്ക് നേരെപോലും ഭീഷണി ഉയരുന്ന സാഹചര്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തില്‍ നടത്തുന്ന  ‘സമാധാനം; മാനവികത’ എന്ന മതസൗഹാര്‍ദ കാമ്പയിനിന്‍െറ ഭാഗമായി എറണാകുളം ഏരിയാ സമിതി ഹൈകോടതി ജങ്ഷനില്‍ സംഘടിപ്പിച്ച സംവാദ സദസ്സിന് എതിരെയാണ് ഭീഷണി ഉയര്‍ന്നത്.
ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ ഇതില്‍ പങ്കെടുക്കുന്നതാണ് ഭീഷണി ഉയരാന്‍ കാരണമെന്ന് പൊലീസ് സൂചന നല്‍കി. പൊലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ മറ്റൊരു വേദിയില്‍  പരിപാടി ശാന്തമായി നടന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എറണാകുളത്തത്തെിയ രാഹുല്‍ ഈശ്വര്‍ പൊലീസിന്‍െറ നിര്‍ദേശപ്രകാരം വിട്ടുനില്‍ക്കുകയും ചെയ്തു.

രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിച്ച് തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിനെതിരെ ചില സംഘങ്ങളില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാത്രമാണ് പൊലീസ് പ്രതികരിക്കുന്നത്. പൊലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി നേടിയാണ് സംവാദത്തിന് വേദിയൊരുക്കിയതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി വ്യക്തമാക്കി.

രാഹുല്‍ ഈശ്വറിനെ കൂടാതെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് വി.എം. സുലൈമാന്‍ മൗലവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ ഹൈകോടതി ജങ്ഷനില്‍  പരിപാടി സംഘടിപ്പിക്കാനാണ് പൊലീസ് അനുമതി നല്‍കിയത്.
എന്നാല്‍, പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിന് ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.