കുംഭാര ചക്രത്തില്‍ തിരിയുന്ന കളിമണ്ണില്‍ വിരലുകള്‍ സ്ഥാനം മാറുന്നതിനനുസരിച്ച് ഉയര്‍ന്നുപൊങ്ങുന്ന പാത്രങ്ങള്‍... ഈ ഓണക്കാലത്ത് വീടുകളില്‍ മയക്കാനുള്ള പുത്തന്‍ കലങ്ങളാണ്. ജീവിതത്തില്‍ മറ്റൊരു പണിയും ചെയ്തിട്ടില്ലാത്ത കക്കോടി പൂവത്തൂര്‍ കിഴക്കേടത്ത് കോളനിയിലെ കുംഭാരന്മാര്‍ക്ക് തിരക്കുള്ള നാളുകളാണ് ഓണക്കാലവും വിഷുക്കാലവും. അടുപ്പും പാത്രങ്ങളും കാലങ്ങള്‍ക്കനുസരിച്ച് തരാതരംപോലെ മാറിയെങ്കിലും ഓണക്കാലത്ത് പുത്തന്‍കലം മയക്കാന്‍ കുംഭാരന്മാരുടെ കൈകൊണ്ട് നിര്‍മിക്കുന്ന മണ്‍പാത്രങ്ങള്‍തന്നെ വേണം പലര്‍ക്കും. മുന്‍ഗാമികളുടെ ജീവിതത്തോട് ഒട്ടിനിന്ന പല ശീലങ്ങള്‍ കൈമോശംവന്നെങ്കിലും ഓണത്തിന് പുത്തന്‍കലം മയക്കണമെന്ന ചിന്ത പലര്‍ക്കും മനസ്സില്‍നിന്നകന്നിട്ടില്ല.
തങ്ങളുടെ യൗവനകാലത്ത് ഓണത്തിനും വിഷുവിനും ഇരുപത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള കൊയിലാണ്ടിയില്‍ വരെ തലച്ചുമടായി മണ്‍പാത്രം കൊണ്ടുനടന്ന് വിറ്റതിന്‍െറയും ആണ്ടറുതികളുടെ സ്നേഹസമ്മാനമായി മണ്‍പാത്രങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കിയതിന്‍െറയും കഥ പൂവത്തൂര്‍ കിഴക്കേടത്ത് മാളുവും അമ്മാളുവും സ്വാമിയും ബാബുവും നാരായണിയുമെല്ലാം പറയുന്നു. സ്ഥിരമായി മണ്‍പാത്രങ്ങള്‍ വാങ്ങുന്നവര്‍ക്കും നാട്ടിലെ പ്രമുഖരായവര്‍ക്കും വീടുകളിലത്തെി തങ്ങളുടെ വക മണ്‍പാത്രങ്ങള്‍ നല്‍കും. പകരമായി അരിയോ വസ്ത്രങ്ങളോ കൈനീട്ടങ്ങളോ നല്‍കും. മുളച്ചീന്തുകൊണ്ടുണ്ടാക്കിയ വലിയ വല്ലത്തില്‍ ഇരുപത്തഞ്ചും മുപ്പതും മണ്‍പാത്രങ്ങള്‍ നിറച്ച് തലച്ചുമടായി ആറും ഏഴും പേരടങ്ങുന്ന സംഘം അന്നശ്ശേരി, എലത്തൂര്‍, കോരപ്പുഴ, ബാലുശ്ശേരി, എകരൂല്‍ ഭാഗങ്ങളിലേക്ക് പോകും. തിരിച്ചുവരുമ്പോള്‍ എല്ലാവരുടെയും വല്ലം സാധനങ്ങള്‍കൊണ്ട് നിറയും. ഓണത്തിനും വിഷുവിനും മാത്രമേ ഇങ്ങനെ സമ്മാനങ്ങള്‍കൊണ്ട് വല്ലം നിറയുകയുണ്ടായിരുന്നുള്ളൂവെന്ന് അമ്മാളു പറയുന്നു.
മണ്‍പാത്രങ്ങള്‍ തിരിച്ചുവരുന്നു
13 കുടുംബങ്ങളാണ് പൂവത്തൂര്‍ കിഴക്കേടത്ത് കോളനിയില്‍ ഓണത്തിനായി മണ്‍പാത്രം നിര്‍മിക്കുന്നത്. ആളുകള്‍ക്കെല്ലാം ഇപ്പോള്‍ രോഗം കൂടിവരുന്നതുകൊണ്ട്, മണ്‍പാത്രങ്ങളില്‍ ഭക്ഷണം പാകംചെയ്ത് കഴിക്കുന്ന പ്രവണത കൂടിയതിനാല്‍ ഇവരുടെ സാധനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. മണ്‍പാത്രത്തില്‍ ഭക്ഷണം പാകംചെയ്തും സൂക്ഷിച്ചും കഴിച്ചാല്‍ വയര്‍ സംബന്ധമായ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന് പറയുന്നത് ശരിയാണെന്ന് ബാബു പറയുന്നു. ഇപ്പോള്‍ ഒന്നര സേര്‍ മുതല്‍ രണ്ടര സേര്‍ വരെ അരി വേവിക്കാവുന്ന മണ്‍പാത്രങ്ങളാണ് ഓണക്കാലത്ത് കൂടുതലും വിറ്റഴിയുന്നത്. കറിച്ചട്ടികള്‍ വേറെയും. ഇപ്പോള്‍ ഗ്യാസില്‍ വരെ മണ്‍പാത്രങ്ങള്‍ വെക്കാവുന്നതുകൊണ്ട് പലരും ഇവിടെയത്തെി ഓര്‍ഡര്‍ തരുകയാണെന്ന് നാരായണി പറയുന്നു.
കടകളിലേക്ക് കൊടുക്കാന്‍ തികയാത്തതുകൊണ്ടും നടന്ന് വില്‍പന നടത്താന്‍ പുതിയ തലമുറ തയാറാകാത്തതിനാലും വീടുകളില്‍ എത്തിച്ചുനല്‍കുന്നില്ളെന്ന് ബാബു കിഴക്കേടത്ത് പറയുന്നു. പന്ത്രണ്ടു വയസ്സ് തികയുമ്പോഴേക്കും തങ്ങളൊക്കെ മണ്‍പാത്ര നിര്‍മാണം പഠിച്ചിരുന്നു. മണ്‍പാത്രങ്ങള്‍ കൈകൊണ്ട് അടിച്ചുപരത്തി നേര്‍മപ്പെടുത്തിയെടുക്കുന്നതുകൊണ്ട് അടിഭാഗം കട്ടികുറയുന്നു. ഇതുമൂലം പാത്രത്തിന് വേഗം ചൂടുപിടിക്കുകയും ഇന്ധനം താരതമ്യേന കുറയുകയും ചെയ്യുമത്രെ. ഓണത്തിന് കലം മയക്കിയാല്‍ സമൃദ്ധി കൂടുമെന്ന വിശ്വാസം മലബാറിലുള്ളതുപോലെ തൃക്കാക്കരപ്പനെ വെച്ചാല്‍ ഐശ്വര്യം കൂടുമെന്ന വിശ്വാസം തിരു-കൊച്ചിയിലുമുണ്ട്. കോഴിക്കോട് ഓണത്തിന് തൃക്കാക്കരപ്പനെ വെക്കുന്നത് അപൂര്‍വമാണെങ്കിലും കഴിഞ്ഞ കരകൗശലമേളക്ക് തൃക്കാക്കരപ്പനെ ഇവിടെനിന്ന് നിര്‍മിച്ചുനല്‍കിയിരുന്നു.
കരവിരുതിന്‍െറ രഹസ്യക്കൂട്ട്
പഴയകാല ഓര്‍മയില്‍ തലച്ചുമടുമായി പോകണമെന്നുണ്ടെന്ന് നാരായണി പറയുന്നു. പക്ഷേ, ഇപ്പോള്‍ പല വീടുകളിലും പകല്‍ ആളുകളുണ്ടാകില്ല. അതുകൊണ്ടാണ് പിന്നോട്ടടിക്കുന്നത്. കുംഭാര കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അധ്വാനിച്ചാലേ മണ്‍പാത്രങ്ങള്‍ പുറത്തിറങ്ങുകയുള്ളൂ. മണ്‍പാത്രങ്ങളുടെ കൈകൊണ്ടുള്ള നിര്‍മാണം സൂക്ഷ്മതയോടെ വേണം. മനസ്സും വിരലുകളും ഒരുപോലെ പ്രവര്‍ത്തിക്കണം. മണ്‍കല നിര്‍മാണത്തിന്‍െറ ആദ്യ പരിശീലനം കലം തല്ലിപ്പഠിക്കലാണ്. കൈയിലെ കുഴഞ്ഞുനില്‍ക്കുന്ന കളിമണ്‍ പാത്രത്തിലുള്ള പിടിത്തം മുറുകിയാലോ മരക്കട്ട കൊണ്ടുള്ള അടിക്ക് അല്‍പം കനം കൂടിയാലോ കലം പൊട്ടുമെന്ന് ഉറപ്പാണ്.
വെയിലുള്ള സമയത്താണെങ്കില്‍ രണ്ടാഴ്ചയോളം വേണം ഒരു കലം നിര്‍മിക്കാന്‍. വിവിധ ഘട്ടങ്ങളിലുള്ള പണിക്ക് ശ്രദ്ധയും സൂക്ഷ്മതയും ഏറെ വേണം. കലത്തിന്‍െറ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കിവെക്കും. പിന്നീട് അവ യോജിപ്പിച്ച് അടിച്ചുവെക്കും. ഒരാഴ്ച മണ്ണിന്‍െറ തന്നെ ചാന്തുതേച്ച് മിനുക്കിവെക്കും. പിന്നെ ഒരാഴ്ചയോളം വെച്ചതിനുശേഷമാണ് ചൂളയില്‍ കയറ്റുന്നത്. മണ്‍കലത്തിന്‍െറ നിറം കണ്ട് പലരും പെയിന്‍േറാ മറ്റ് കൃത്രിമ നിറങ്ങളോ ചേര്‍ക്കുകയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍, പ്രകൃതിയുടെ മണ്ണും തങ്ങളുടെ കരവിരുതുമാണ് ഈയൊരു നിര്‍മാണ പാടവത്തിന് പിന്നിലെന്ന് ഇവര്‍ പറയുന്നു. കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ വൃത്തിവേണം അത് പാചകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ പാത്രങ്ങള്‍ക്കെന്ന ഓര്‍മപ്പെടുത്തലാണ് മണ്‍പാത്രത്തിന്‍െറ രഹസ്യക്കൂട്ട്.
കളിമണ്ണിനും മണലിനും ക്ഷാമം നേരിടുന്നതിനാല്‍ ഇപ്പോള്‍ മണ്‍പാത്രങ്ങള്‍ക്ക് അല്‍പം വില കൂടുതലാണെന്ന് ഇവര്‍ പറയുന്നു. ഓണക്കാലത്തേക്ക് നിര്‍മിച്ച കറിച്ചട്ടികള്‍ക്ക് 60 രൂപയാണ് വില. ഓണത്തിനായി ഏറെ മണ്‍പാത്രങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിര്‍മിച്ച് സ്റ്റോക് ചെയ്യാന്‍ സൗകര്യമില്ളെന്ന് സ്വാമി പറയുന്നു. എത്രയുണ്ടാക്കിയാലും അത് വിറ്റഴിയും. ജാതിമത ഭേദമന്യേ എല്ലാവരും മണ്‍പാത്രത്തിലേക്ക് തിരിഞ്ഞെങ്കിലും പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് തങ്ങളുടെ ഈ കരകൗശലം കുറ്റിയറ്റുപോകുമെന്ന് ബാബു പറയുന്നു. പുതിയ തലമുറ ഈ കൈത്തൊഴില്‍ പഠിക്കാത്തതുകൊണ്ട് ഓണത്തിന് പുത്തന്‍കലം മയക്കാന്‍ ഇറക്കുമതി പാത്രങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് അദ്ദേഹം പരിതപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.