കവിതക്കൊപ്പം കായികത്തിലും കൈവെച്ച് നൗഷാദ്

കക്കട്ടില്‍: ഇംഗ്ളീഷ് കവിതകള്‍ക്കൊപ്പം കായികവും വഴങ്ങുമെന്ന് തെളിയിച്ച് പി.എ. നൗഷാദ്. ഒട്ടേറെ ഇംഗ്ളീഷ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച് രാജ്യാന്തര പ്രശസ്തി നേടിയശേഷമാണ് പുതിയ നേട്ടം. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ആറുവരെ ആസ്ട്രേലിയയില്‍ നടക്കുന്ന ലോക അത്ലറ്റിക്  ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇദ്ദേഹം. പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ് നൗഷാദ്.

വേള്‍ഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ 35 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടക്കുന്ന അത്ലറ്റിക്  ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് 200 മീറ്റര്‍ ഓട്ടത്തിനാണ് അര്‍ഹത നേടിയത്. ഈ  മാസം 24 ന് ഇദ്ദേഹം പുറപ്പെടും.ഇംഗ്ളീഷില്‍ കവിതകള്‍ എഴുതിയ ഇദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര സാഹിത്യോത്സവങ്ങളില്‍  പങ്കെടുക്കാനും കവിതകള്‍ അവതരിപ്പിക്കാനും  അവസരം ലഭിച്ചിട്ടുണ്ട്. ഡ്രീംസ് ആന്‍ഡ് ടിയേഴ്സ്, ടച്ച് ഓഫ് ദി സോള്‍, ബീയിങ് ഇന്‍ടു ഇന്‍ഫിനിറ്റി, ലവ് ആന്‍ഡ് ലവ് തുടങ്ങിയ ഇംഗ്ളീഷ് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2009ല്‍ ഇംഗ്ളീഷ് സാഹിത്യത്തിനുള്ള എലേന സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.

2010ല്‍  എലിസബത്ത് രാജ്ഞിയില്‍നിന്ന് അനുമോദന കത്തും നൗഷാദിനെ തേടിയത്തെി. 2014ല്‍ ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാര്‍ക്കുള്ള ഇന്ത്യന്‍ റൂമിനേഷന്‍ അവാര്‍ഡ് നേടി. പ്രശസ്ത സാഹിത്യ കാരന്‍ അക്ബര്‍ കക്കട്ടിലിന്‍െറ തെരഞ്ഞെടുത്ത കഥകള്‍ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നൗഷാദിന്‍െറ ഇംഗ്ളീഷ് കവിതകള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സ്പോര്‍ട്സില്‍ താല്‍പര്യമുള്ള നൗഷാദ് സ്കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് പരിശീലനം നടത്തുന്നത്.  സ്കൂള്‍ മൈതാനത്തും വീട്ടുമുറ്റത്തും ഓടിയാണ് ഈ നേട്ടം.  പാതിരിപ്പറ്റ പാറയുള്ളതില്‍  കുഞ്ഞമ്മദിന്‍െറയും ആസ്യയുടെയും മകനാണ്. ഭാര്യ റഹീമ. മക്കള്‍: അജ്സല്‍, അഫീഫ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.