അംജദ് അലിഖാന് ഭൂമി അനുവദിച്ചത് റദ്ദാക്കുന്നു

തിരുവനന്തപുരം: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീതവിദ്യാലയം ആരംഭിക്കാന്‍ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഭൂമി അനുവദിച്ചത് റദ്ദാക്കുന്നു. കഴിഞ്ഞദിവസം മന്ത്രി എ.സി. മൊയ്തീന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ടൂറിസം വകുപ്പിന്‍െറ ഉന്നതതല യോഗമാണ് മുന്‍നടപടി റദ്ദാക്കാന്‍ തീരുമാനമെടുത്തത്.

വേളിയില്‍ കായലിന് സമീപമാണ് രണ്ടേക്കറോളം ഭൂമി അനുവദിച്ചത്. 2015ല്‍ സ്വാതി സംഗീത പുരസ്കാരം നല്‍കി സംസ്ഥാനം അംജദ് അലിഖാനെ ആദരിച്ചിരുന്നു. പുരസ്കാരം സമ്മാനിക്കവെയാണ് സംഗീത വിദ്യാലയം സ്ഥാപിക്കാന്‍ രണ്ടേക്കര്‍ ഭൂമി അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായത്. വിദ്യാലയത്തിന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തറക്കല്ലിടുകയും ചെയ്തു. സംഗീത വിദ്യാലയം യാര്‍ഥ്യമായാല്‍ അംജദ് കേരളത്തിലേക്ക് താമസംമാറ്റുമെന്നും പ്രചാരണമുണ്ടായിരുന്നു. വിദ്യാലയത്തിന് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളും സാംസ്കാരിക വകുപ്പുമൊക്കെ അടങ്ങുന്ന ട്രസ്റ്റ് രൂപവത്കരിക്കാനായിരുന്നു തീരുമാനം.

യു.ഡി.എഫ് കാലത്ത് സ്വകാര്യ വ്യക്തിക്ക് നല്‍കിയ ഭൂമി ടൂറിസം വികസനത്തിനായി തിരിച്ചെടുക്കുക, വേളിയില്‍ ഏറ്റെടുത്ത 24 ഏക്കര്‍ ഭൂമിയില്‍ പുതിയ വികസന പദ്ധതികള്‍ കിഫ്ബി മുഖേന നടപ്പാക്കുക, ടൂറിസ്റ്റ് വില്ളേജിലെ നിലവിലെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്നീ തീരുമാനങ്ങളാണ് ഉന്നതതല യോഗം കൈക്കൊണ്ടത്. സമയബന്ധിതമായി ഇതു നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

അതേസമയം, ഭൂമി തിരിച്ചെടുക്കാനുള്ള ടൂറിസം വകുപ്പിന്‍െറ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അംജദ് അലിഖാനും സൂര്യ കൃഷ്ണമൂര്‍ത്തിക്കും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് നേരിടേണ്ടിവന്ന മോശം പ്രതികരണം വേദനജനകമാണ്. കേരളത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന സംരംഭത്തെയാണ് വീണ്ടുവിചാരമില്ലാതെ ടൂറിസം വകുപ്പ് നഷ്ടപ്പെടുത്തിയത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിത നടപടിയെടുക്കണമെന്നും സംഗീത വിദ്യാലയം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.