പൂവരണി പീഡനം: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്

കോട്ടയം: പൂവരണി സ്വദേശിനിയായ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയെ 25 വര്‍ഷം കഠിന തടവിന് വിധിച്ചു.  വിവിധ വകുപ്പുകളിലായാണ് ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷത്തെ തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചത്. 366 എ, 372, 373 വകുപ്പുകള്‍ പ്രകാരം 21 വര്‍ഷത്തെ തടവും 120 ബി പ്രകാരം നാലു വര്‍ഷത്തെ തടവുമാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി ഏഴ് വര്‍ഷം തടവില്‍ കിടന്നാല്‍ മതിയാവും.

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. കേസിലെ നാല്, ആറ് പ്രതികള്‍ നാലു വര്‍ഷത്തെ തടവും  25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് (സ്പെഷല്‍) ജഡ്ജി കെ.ബാബുവാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

കേസില്‍ മുഖ്യപ്രതി ലിസിയടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെിയിരുന്നു.  അഞ്ചുപേരെ വെറുതെവിട്ടു.കേസിലെ ഒന്നാം പ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവുമായ കോട്ടയം അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസി ടോമി (48), രണ്ടു മുതല്‍ ആറുവരെ പ്രതികളായ തീക്കോയി വേലത്തുശേരി വടക്കേല്‍ വീട്ടില്‍ ജോമിനി (33), ഇവരുടെ ഭര്‍ത്താവ് പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ് (35), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി (48), കൊല്ലം തൃക്കരുവ ഉത്രട്ടാതിയില്‍ സതീഷ്കുമാര്‍ (58), തൃശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് സ്വദേശി രാഖി (33) എന്നിവരെയാണ് കുറ്റക്കാരായി അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്പെഷല്‍) ജഡ്ജി കെ. ബാബു വിധിച്ചത്.

മൊത്തം 12 പ്രതികളുണ്ടായിരുന്ന കേസില്‍ വിസ്താരം നടക്കുന്നതിനിടെ പത്താം പ്രതി ജീവനൊടുക്കി. പായിപ്പാട് സ്വദേശികളായ ഷാന്‍ കെ. ദേവസ്യ, ജോബി ജോസഫ്, തിരുവനന്തപുരം സ്വദേശി ദയാനന്ദന്‍, കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിന്‍, കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നിവരെയാണ് വെറുതെവിട്ടത്.

പാലാ സെന്‍റ് മേരീസ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2007 ആഗസ്റ്റ് മുതല്‍ 2008 മേയ് വരെ പെണ്‍കുട്ടിയെ കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലതവണ എത്തിച്ചു. ഇതിനൊടുവില്‍ എയ്ഡസ് രോഗം പിടിപ്പെട്ട പെണ്‍കുട്ടിയ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് കുട്ടി മരിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. മരണശേഷം മാതാവ് അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.