കളമശ്ശേരി ബസ് കത്തിക്കല്‍: നാല് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്‍റവിട നസീറടക്കം നാല് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. നസീറിനുപുറമെ എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍ പി. ബുഖാരി,  എറണാകുളം പറവൂര്‍ ചിറ്റാട്ടുകര മക്കനായി ഭാഗത്ത് താജുദ്ദീന്‍, മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പായിന്‍കാനത്ത് ഫാത്തിമ മന്‍സിലില്‍ ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കുറ്റം ചുമത്തിയത്. ഏല്ലാ പ്രതികളും കുറ്റാരോപണങ്ങള്‍ നിഷേധിച്ചു.  ഇതോടെ വിചാരണതീയതി പ്രഖ്യാപിക്കാനായി കേസ് ജൂണ്‍ 26ലേക്ക് മാറ്റി.
കനത്ത സുരക്ഷാ വലയത്തിലാണ് ബംഗളൂരു പൊലീസ് നസീറിനെയും മറ്റ് പ്രതികളെയും റോഡുമാര്‍ഗം കോടതിയിലത്തെിച്ചത്.
കേസിലെ മറ്റ് പ്രതികളായ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ അടക്കം ഏഴ് പ്രതികള്‍ക്കെതിരെ നേരത്തേ കുറ്റം ചുമത്തിയിരുന്നു.
ഇവരെ കൂടാതെ, കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ വാഴകത്തെരു തായകത്ത് വീട്ടില്‍ അബ്ദുല്‍ ഹാലിം, എറണാകുളം എടത്തല പുക്കാട്ടുപടി നെല്ലിക്കത്തുകുഴി വീട്ടില്‍ ബോംബ് ഇസ്മായില്‍ എന്ന ഇസ്മായില്‍, കണ്ണൂര്‍ അണ്ടത്തോട് ഹുസൈന്‍ മന്‍സിലില്‍ മുഹമ്മദ് നവാസ്, ആലുവ എടത്തല മരുതുംകുടിയില്‍ കുമ്മായം നാസര്‍ എന്ന നാസര്‍, എറണാകുളം പറവൂര്‍ വെടിമറ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ അനു എന്ന കെ.എ. അനൂപ്, കണ്ണൂര്‍ തലശേരി പറമ്പായിചാലില്‍ വീട്ടില്‍ മജീദ് പറമ്പായി എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികള്‍.
ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ തേവക്കാരില്‍ പല്ലിയകത്ത് വില്ലയില്‍ ഷഫീഖ്, കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടിയേക്കല്‍ അയ്യൂബ് എന്ന മുഹമ്മദ് സാബിര്‍ എന്നിവര്‍ക്കെതിരായ വിചാരണ ഇവരെ പിടികൂടുന്നതിനനുസരിച്ച് പിന്നീട് നടത്തും.
ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി) പ്രകാരം ഗൂഢാലോചന, 121 (രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍), 364 (തട്ടിക്കൊണ്ടുപോകല്‍), 323 (മുറിവേല്‍പിക്കല്‍), പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ നാലാം വകുപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 16, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 8.30ഓടെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പുറപ്പെട്ട ബസ് തട്ടിയെടുത്ത് കളമശ്ശേരി എച്ച്.എം.ടി കോളനിക്കടുത്ത പോപ്പ് മലക്ക് സമീപംവെച്ച് കത്തിച്ചെന്നാണ് കേസ്.
കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ റിമാന്‍ഡ് കാലാവധി നീളുന്നതിനെതിരെയുള്ള മുന്നറിയിപ്പായാണ് പ്രതികള്‍ ബസ് കത്തിച്ചതെന്നാണ് എന്‍.ഐ.എയുടെ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.