ലാവ​ലിൻ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹരജികള്‍ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

കൊച്ചി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട റിവിഷന്‍ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ഹരജികള്‍ ജൂണ്‍ ഒമ്പതിന് പരിഗണിക്കാനായി ഹൈകോടതി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ക്രൈം എഡിറ്റര്‍ നന്ദകുമാറിന്‍െറ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. അതേസമയം, ഇത്തരം ഹരജികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയന്‍െറ അഭിഭാഷകനും കേസുമായി ബന്ധമില്ലാത്തവരുടെ ഇത്തരം ഹരജികള്‍ അനുവദിക്കരുതെന്ന് സി.ബി.ഐ അഭിഭാഷകനും കോടതിയെ അറിയിച്ചു.

2013 നവംമ്പര്‍ 21 ന് സമര്‍പ്പിച്ച ഹരജി 2016  ഫെബ്രുവരിയില്‍ പരിഗണനയ്ക്ക് വന്നെങ്കിലും രണ്ട് മാസത്തിന് ശേഷം പരിഗണിക്കാന്‍ ഹരജി മാറ്റിയെന്നും പിന്നീട് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നന്ദകുമാറിന്‍െറ ഹരജി.  കേസിലെ എതിര്‍കക്ഷിയായ പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സംസഥാന മുഖ്യമന്ത്രിയായിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, രാഷ്ട്രീയ ഗൂഡോദ്ദ്യേശ്യം മാത്രമാണ് ഹരജികള്‍ക്ക് പിന്നിലെന്ന് പിണറായിയുടെ അഭിഭാഷകന്‍ എം. കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ഉള്‍പ്പെടെ കേസ് പരിഗണിക്കുമ്പോള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ നന്ദകുമാര്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുന്ന ദിവസം തന്നെ കേസ് നല്‍കിയതില്‍ നിന്ന് ലക്ഷ്യം വ്യക്തമാണ്. കേസ് വേഗം കേള്‍ക്കണമെന്ന ഹരജികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ കേസ് പരിഗണിച്ച സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതായും അഭിഭാഷകന്‍ പറഞ്ഞു.
റിവിഷന്‍ ഹരജികള്‍ പരിഗണിക്കുന്നതിന് മുമ്പ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെടുന്ന ഹരജികളുടെ നിയമ സാധുത ആദ്യം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

2009–10 കാലഘട്ടത്തിലെ റിവിഷന്‍ ഹരജികളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്. ലാവ് ലിന്‍ കേസുകള്‍ എപ്പോള്‍ വാദത്തിനെടുക്കാന്‍ കഴിയുമെന്ന കാര്യം അറിയിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശവും നല്‍കി. ഇത്തരമൊരു ഹരജി നല്‍കാന്‍ നന്ദകുമാറിന് കേസുമായി എന്താണ് ബന്ധമുള്ളതെന്ന് കോടതി തുടര്‍ന്ന് ആരാഞ്ഞു. ലാവ് ലിന്‍ അഴിമതി സംബന്ധിച്ച പരാതിക്കാരനാണ് താനെന്നും ഇക്കാര്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ചവരില്‍ ഒരാളാണെന്നും നന്ദകുമാറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസില്‍ വേഗം തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യം ഹരജിക്കാരനായ കെ. എം ഷാജഹാനും ഉന്നയിച്ചു. അതേസമയം, കേസുമായി ബന്ധമില്ലാത്തവരുടെ ഹരജികള്‍ കോടതി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ സി.ബി.ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സി.ബി.ഐയുടെ റിവിഷന്‍ ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് ഹരജികള്‍ക്ക് പ്രസക്തിയില്ലെന്നും പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കക്ഷികളില്‍ നിന്ന് പ്രാഥമിക വാദം കേട്ട ശേഷം കേസ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളെല്ലാം ജൂണ്‍ ഒമ്പതിന് കേള്‍ക്കാനായി മാറ്റുകയായിരുന്നു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ ഏഴ് റിവിഷന്‍ ഹരജികളാണ് നിലവിലുള്ളത്. കേസ് വേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറും നന്ദകുമാറും നല്‍കിയതുള്‍പ്പെടെ മൂന്ന് ഹരജികളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.