ജിഷ വധക്കേസ്: എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഷവധക്കേസ് അന്വേഷണം എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചു. അതിനാൽ അന്വേഷണ ചുമതല പുതിയ ടീമിനെ ഏൽപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.

ജിഷയുടെ വീട് നിർമാണം 45 ദിവസത്തിനകം പൂർത്തിയാക്കും. അതിന്‍റെ ചുമതല കലക്ടറെ ഏൽപ്പിച്ചു. ജിഷയുടെ സഹോദരിക്ക് പെട്ടെന്ന് ജോലി നൽകുന്നതിനുള്ള നടപടിയെടുക്കും. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെൻഷൻ നൽകുമെന്നും പിണറായി അറിയിച്ചു.

പഞ്ചവത്സര പദ്ധതികൾ തിരിച്ചു കൊണ്ടുവരും. പ്ലാനിങ് ബോർഡ് നിലനിറുത്തും. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കും. 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് 150 കോടിയാക്കി ഉയര്‍ത്തും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഏത് മാര്‍ഗം വേണമെന്ന് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനമുണ്ടെന്ന് പരാതിയുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടിട്ടുണ്ട്. എല്ലാ വകുപ്പുകളും ഈ സമയപരിധിക്കുള്ളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. ചില വകുപ്പുകളിൽ പി.എസ്‌.‌സി പട്ടികയുണ്ടാകില്ല. ഇവിടങ്ങളിൽ എത്ര ഒഴിവുകളുണ്ടെന്ന് തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ പി.എസ്‌.സിയുമായി ചർച്ച ചെയ്യും.

യു.ഡി.എഫ് സര്‍ക്കാർ ജനുവരി ഒന്നിന് ശേഷം നിയമവിരുദ്ധമായി കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായും പിണറായി പറഞ്ഞു.

അതേസമയം, 14ാം നിയമസഭ ജൂൺ 2ന് ചേരും. ജൂൺ 3ന് സ്പീക്കറെ തെരഞ്ഞെടുക്കും. ജൂൺ 24ന് ഗവർണർ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. ധനമന്ത്രി തോമസ് ഐസക് ജൂലൈ 8ന് ആദ്യ ബജറ്റ് അവതരിപ്പിക്കും.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.