ആര്‍ഭാടമൊട്ടുമില്ലാതെ ഒരു മന്ത്രിവീട്

കണ്ണൂര്‍: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് ടി.കെ. പാര്‍വതിയമ്മക്ക് പ്രായം 96. ‘ഞാന്‍ തിരുവനന്തപുരത്ത് മന്ത്രിയാവാന്‍ പോകുന്നതിനെക്കുറിച്ച് അമ്മക്ക് പറയാനുള്ളതെന്താ?’ കേള്‍വിക്കുറവുള്ള അമ്മയുടെ കാതില്‍ കടന്നപ്പള്ളി ഉച്ചത്തില്‍ ചോദിച്ചു. ‘നീയെല്ലാം ഒറ്റക്ക് ചെയ്യുന്ന എന്‍െറ മൊഞ്ചനല്ളേ? അമ്മയുടെ മറുപടി. ‘എടമന സ്കൂളീന്ന് പാടിയ അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി... പാടെട മോനെ നീ...’ കുട്ടിക്കാലത്ത് അമ്മയുടെ സദസ്സിനെ നോക്കി സ്കൂളില്‍നിന്ന് പാടിയ ഭക്തിഗാനമോര്‍മിപ്പിക്കുകയാണ് പാര്‍വതിയമ്മ.

അമ്മയുടെ ഓര്‍മയിലിപ്പോഴും തന്‍െറ കുട്ടിക്കാലം പുഷ്പിച്ചു നില്‍ക്കുന്നതറിഞ്ഞ് കടന്നപ്പള്ളി കൈകൂപ്പി നില്‍ക്കുന്നു. ഭക്തിഗാനത്തിന്‍െറ നാലാമത്തെ വരി ‘പരമപ്രകാശമേ ശരണം നീയെന്നും’ മൂളിപ്പാടി  കടന്നപ്പള്ളി അമ്മയെ തലോടി. തോട്ടട ജവഹര്‍ കോളനിയില്‍ കാലപ്പഴക്കമേറിയ വീടാണ് കടന്നപ്പള്ളിയുടേത്. 1975ല്‍ പാര്‍ലമെന്‍റിലെ കോണ്‍ഗ്രസിന്‍െറ സ്റ്റേറ്റ് കണ്‍വീനര്‍മാരിലൊരാളായി ഇന്ദിരാഗാന്ധിയുടെ കൂടെ ഇരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോ മഴനനഞ്ഞു കുതിര്‍ന്ന ചുവരില്‍ തൂങ്ങിക്കിടക്കുന്നു.

14ാം നിയമസഭയില്‍ സത്യപ്രതിജ്ഞചെയ്യാന്‍ പുറപ്പെടുന്ന നിയുക്ത മന്ത്രിയുടെ വീട്ടില്‍ ആര്‍ഭാടമൊട്ടുമില്ല. 96 പിന്നിട്ട അമ്മയെ തിരുവനന്തപുരത്തേക്ക് കൂട്ടാനാവില്ല. ഭാര്യ സരസ്വതിയും അവിയല്‍ മ്യൂസിക് ബാന്‍ഡിലെ കലാകാരനായ മകന്‍ മിഥുനും കടന്നപ്പള്ളിയുടെ പരേതനായ ജ്യേഷ്ഠന്‍ ബാലകൃഷ്ണന്‍െറ ഭാര്യ പ്രസന്നയും ഒരു വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കടന്നപ്പള്ളി രാത്രി മാവേലി എക്സ്പ്രസിനും യാത്രയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.