അവതാരങ്ങളെ സൂക്ഷിക്കണം; അഴിമതി വെച്ചുപൊറുപ്പിക്കില്ല: പിണറായി

തിരുവനന്തപുരം: തന്‍റെ പേരും പറഞ്ഞ് പലരും രംഗത്ത് വരുമെന്നും ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ പേരും പറഞ്ഞു പലരും രംഗത്ത് വരുന്നുണ്ട്. പേഴ്‌സണല്‍ സ്റ്റാഫടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആളുകളെ മാത്രമേ സര്‍ക്കാറിന്‍റെ ഭാഗമാക്കുകയുള്ളൂ. നേതൃതലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല. ഇത്തരം ആളുകളെ സര്‍ക്കാരില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും പിണറായി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ വിശദാംശങ്ങൾ വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കും‍. സര്‍ക്കാറിന് കക്ഷി രാഷ്ട്രിയ വ്യത്യാസം ഉണ്ടാകില്ല. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായിട്ടുള്ള സര്‍ക്കാറായിരിക്കും. ജന നന്‍മക്കും നാടിന്‍െറ ഒരുമക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിണറായി  പറഞ്ഞു. ജനങ്ങള്‍ പുറംതിരിഞ്ഞ് നിന്നാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാവില്ളെന്നും എല്ലാ വിഭാഗം ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീറും വാശിയും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പാണ് നടന്നത്. ആ വാശിയും വീറുമൊക്കെ തെരഞ്ഞെടുപ്പോടെ കഴിഞ്ഞു. ഇനി വേണ്ടത് നാടിന്‍റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്. നാളെ സത്യപ്രതിജ്ഞ ചടങ്ങിനെത്താന്‍ സാധിക്കാത്ത പലരും ഇതിനോടകം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരാണ് സത്യപ്രതിജ്ഞ ചടങ്ങ് വിജയകരമാക്കി മാറ്റാന്‍ അധ്വാനിക്കുന്നത്. വന്‍ജനപങ്കാളിത്തമാണ് നാളത്തെ ചടങ്ങിന് പ്രതീക്ഷിക്കുന്നത്. എത്രത്തോളം പേരെ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നറിയില്ലെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും പിണറായി പറഞ്ഞു.

ബുധനാഴ്ച രാവിലെയോടെ മന്ത്രിമാരും അവരുടെ വകുപ്പുകളും സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ. സത്യപ്രതിജ്ഞക്കും മന്ത്രിസഭാ യോഗത്തിനും ശേഷം മാധ്യമങ്ങളെ കാണുമെന്നും സര്‍ക്കാറിന്‍റെ പ്രവര്‍ത്തന രീതിയും ഭാവി പരിപാടികളും അപ്പോള്‍ വിശദീകരിക്കുമെന്നും പിണറായി മാധ്യമങ്ങളെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.