കണ്ണൂരില്‍ ‘മള്‍ട്ടി ടയര്‍’ സുരക്ഷ

കണ്ണൂര്‍: കേരളം നാളെ ബൂത്തിലേക്ക് പോകുമ്പോള്‍ വിപുലമായ സുരക്ഷാ സംവിധാനമാണ് കണ്ണൂരില്‍. പൊലീസ്-റവന്യൂ സംയുക്ത സുരക്ഷാ സംവിധാനം ‘മള്‍ട്ടി ടയര്‍’ വ്യൂഹമായി സജ്ജീകരിക്കപ്പെട്ടു. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് കേസില്‍ കോടതി ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ജില്ലയെന്ന നിലയില്‍ കോടതിയുടെ കൂടി നിര്‍ദേശാനുസരണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നേരിട്ട് ജില്ലാ ഭരണകൂടവുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ടാണ് സന്നാഹം നിരീക്ഷിക്കുന്നത്.

പോളിങ് ഏജന്‍റുമാര്‍, ഉദ്യോഗസ്ഥന്‍, ബി.എല്‍.ഒമാര്‍ എന്നിവരുടെ സുരക്ഷയുള്‍പ്പെടെ വിപുല നെറ്റ്വര്‍ക്ക്    ഒരുക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കമീഷന്‍െറ തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന ഫോട്ടോയുള്ള സ്ളിപ് വിതരണം ബി.എല്‍.ഒമാര്‍ നിര്‍ത്തിവെക്കുകയും ബാക്കിയുള്ളവ താലൂക്ക് ഓഫിസുകളില്‍ തിരിച്ചേല്‍പിക്കുകയും ചെയ്തത് ഇത്തവണത്തെ അപൂര്‍വ നടപടിയാണ്. ബി.എല്‍.ഒമാരുടെ കൈയില്‍ ബാക്കിയുണ്ടായിരുന്ന സ്ളിപ് ഉപയോഗിച്ച് കള്ളവോട്ട് നടന്നതായി കഴിഞ്ഞ തവണ വെളിപ്പെട്ടതോടെയാണിത്.

മുഴുവന്‍ ബൂത്തുകളുടെയും 200 മീറ്റര്‍ ചുറ്റളവ് 144 വകുപ്പനുസരിച്ചുള്ള നിരോധിത മേഖലയാക്കി. വോട്ടര്‍മാരുടെതല്ലാത്ത ഒരുകൂട്ടവും അനുവദിക്കില്ല. 23 കമ്പനി കേന്ദ്രസേനയാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. കേന്ദ്രസേനയെ ഉള്‍പ്പെടുത്തി 1401 ബൂത്തുകളും കനത്ത സുരക്ഷാ വലയത്തിലായിരിക്കും. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 192 ബൂത്തുകള്‍ മുഴുവന്‍സമയ വിഡിയോ കവറേജിന് കീഴിലും.

ഓപണ്‍ വോട്ടിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചില പാര്‍ട്ടികളുടെ പ്രതിഷേധമുണ്ടാക്കിയെങ്കിലും നടപടിയില്‍ വിട്ടുവീഴ്ചക്ക് ജില്ലാ ഭരണകൂടം തയാറായില്ല. 6034 അന്ധവോട്ടര്‍മാരെ കേരള ഫെഡറേഷന്‍ ഓഫ് ബൈ്ളന്‍റ്സിന്‍െറ സഹായത്തോടെ കണ്ടത്തെി അവര്‍ക്കും സഹായിക്കും ആവശ്യമായ രേഖ മുന്‍കൂട്ടി നല്‍കിയതിന് പുറമെ ഓപണ്‍ വോട്ടുകള്‍ ചെയ്യുന്നവരുടെ ഫോട്ടോ എടുക്കാനും തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.