പ്രതിസന്ധിക്കിടയിലും എക്സൈസില്‍ പുരുഷന്മാരെ വെട്ടി ‘വനിതാ’ പ്രാതിനിധ്യം

കോഴിക്കോട്: മദ്യനയം നിലവില്‍ വന്നതോടെ ജീവനക്കാരുടെ എണ്ണക്കുറവില്‍ പ്രതിസന്ധിയിലായ എക്സൈസില്‍, പുരുഷന്മാരുടെ എണ്ണം വീണ്ടും കുറക്കുന്നു. സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള സേനാംഗങ്ങളില്‍ പുരഷ തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം.
10 ശതമാനം വനിതാ തസ്തിക സൃഷ്ടിച്ചപ്പോള്‍ പുരുഷന്മാരുടെ തസ്തിക 100ല്‍നിന്ന് 90 ശതമാനായി കുറച്ചിരുന്നു. വനിതാ തസ്തിക 30 ശതമാനം വരെ ഉയര്‍ത്താനായി പുരുഷന്മാരുടെ തസ്തിക 70 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. പുതിയ തസ്തിക സൃഷ്ടിക്കാതെ പുരുഷന്മാരുടെ തസ്തിക വെട്ടിക്കുറച്ച് സേനയിലെ വനിതാ അംഗബലം കൂട്ടാനുള്ള ആലോചനക്കെതിരെ സേനയില്‍ അമര്‍ഷം രൂക്ഷമാണ്.  വനിതാ സേനാംഗങ്ങള്‍ എക്സൈസിനു മുതല്‍ക്കൂട്ടാണെന്നു കരുതി പുരുഷന്മാരുടെ എണ്ണം കുറച്ചപ്പോള്‍ അസോസിയേഷന്‍ ആ നടപടിയെ ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നില്ല.
എന്നാല്‍, സമീപകാലത്തായി വനിതാ തസ്തിക 30 ശതമാനംവരെ ആക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് അസോസിയേഷന്‍ പുരുഷന്മാരുടെ തസ്തിക വെട്ടിക്കുറക്കരുതെന്ന ആവശ്യവുമായി രംഗത്തത്തെിയത്.
ഉന്നതോദ്യോഗസ്ഥരുള്‍പ്പെടെ നിലവില്‍ 5113 പേരാണ് എക്സൈസ് വകുപ്പിലുള്ളത്. ഇതില്‍ 2924 പേര്‍ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരാണ്. ഈ തസ്തികയിലേക്കാണ് 10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയത്. പരിശോധനകളിലും മറ്റും വനിതാ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ മുതല്‍ക്കൂട്ടാകുന്നുണ്ടെങ്കിലും പലപ്പോഴും ഇവരുടെ സേവനം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
   ചെക്പോസ്റ്റുകളിലും രാത്രി ഡ്യൂട്ടിയിലും വനിതാ എക്സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നില്ല. മദ്യനയം നടപ്പാക്കുന്നതിന് എക്സൈസ് സേനയിലെ അംഗബലക്കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വനിതകളെ ഡ്യൂട്ടിയില്‍ വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എക്സൈസ് കമീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാജമദ്യ-മയക്കുമരുന്നു പരിശോധനക്കായി വനിതകളെയും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്നും വനിതാ ജീവനക്കാര്‍ രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ ജോലി ചെയ്യണമെന്നുമാണ് ഉത്തരവ്. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കിയാലും സേനയിലെ അംഗബലക്കുറവിന് പരിഹാരമാവില്ല. 1968 ലെ സ്റ്റാഫ് പാറ്റേണാണ് തുടരുന്നത്. പൊലീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സൈസിന്‍െറ അംഗബലം 400ന് 14 എന്ന അനുപാതമാണ്. 10 പൊലീസ് സ്റ്റേഷനുകളാണ് എക്സൈസ് റെയ്ഞ്ച്. ജനസംഖ്യാ ആനുപാതികമായി 8300 പേര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്നാണ് എക്സൈസിലെ ജീവനക്കാരുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.