കെ. മുരളീധരനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ വരണാധികാരി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി വക്താവ് അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ ആരോപിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെ ബി.ജെ.പി നല്‍കിയ പരാതി അവഗണിച്ചത് ഇതിന്‍െറ ഭാഗമായാണ്. ഇതിനെതിരെ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

സ്വന്തം ഉടമസ്ഥതയിലുള്ള ജനപ്രിയ ചാനലില്‍നിന്ന് കെ. മുരളീധരന്‍ 2,28,12,500 രൂപ കമ്പനി നിയമത്തിന് എതിരായി വായ്പ എടുത്തിട്ടുണ്ട്. ഇക്കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചിരിക്കുകയാണ്. മാത്രമല്ല, ജനപ്രിയയില്‍നിന്ന് വാടകയിനത്തില്‍ 16,85,400 രൂപ കൈപ്പറ്റിയതായും രേഖകളുണ്ട്. സൂക്ഷ്മപരിശോധനാ വേളയില്‍ ബി.ജെ.പി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും റിട്ടേണിങ് ഓഫിസര്‍ ഏകപക്ഷീയമായി പത്രിക സ്വീകരിക്കുകയായിരുന്നു.

അനുബന്ധരേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന ബി.ജെ.പി ആവശ്യം അംഗീകരിക്കാന്‍ തയാറാകാതെയാണ് പത്രിക സ്വീകരിച്ചത്. ജനപ്രിയ ചാനലിന്‍െറ പേരില്‍ എട്ട് കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി വക്താവ് ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.