പത്രിക പിൻവലിക്കൽ അവസാനിക്കുന്നു; യഥാർഥ ചിത്രം ഇന്നറിയാം

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ യഥാർഥചിത്രം അറിയാനാകും. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. സ്ഥാനാർഥികൾ, അപരന്മാർ, വിമതർ എന്നിങ്ങനെ അന്തിമപോരാട്ടത്തിന് ആരൊക്കെയുണ്ടെന്നറിയാൻ വൈകിട്ട് മൂന്നുമണി വരെ കാത്തിരുന്നാൽ മതി.

പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തലവേദനകൾ ഒഴിവാക്കാനുള്ള കഠിനപ്രയത്നത്തിലാണ് രാഷ്ട്രീയപാർട്ടികൾ. കൊച്ചി, കണ്ണൂര്‍, ഇരിക്കൂര്‍, അഴിക്കോട് എന്നിവിടങ്ങളിലെ വിമതരുടെ ശല്യം യു.ഡി.എഫിന് വലിയ തലവേദനയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പല വിമതരും. കൂടാതെ അപരന്‍മാരും മുന്നണികൾക്ക് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവരുടെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍. അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.

അതേസമയം,രഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. നസിം സെയ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. ഇന്ന് അദ്ദേഹം രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ കേന്ദ്രസേനയും എത്തിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കേന്ദ്രസേന എത്തിയത്. തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തിയ അറുനൂറംഗ സംഘത്തെ തെക്കൻ ജില്ലകളിലെ സുരക്ഷക്കായി നിയോഗിക്കും. കൊൽക്കത്തയിൽനിന്നുള്ള 335 അംഗ സംഘം നേരത്തേ കൊച്ചിയിൽ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.