നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തുടരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തുടരുന്നു. സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളുടെ അപാകത ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മന്ത്രി പി.കെ. ജയലക്ഷ്മിക്കുമെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രമുഖ നേതാക്കളുടെ പത്രികകളൊന്നും തള്ളിയിട്ടില്ല. സൂക്ഷ്മ പരിശോധനക്ക് ശേഷമുള്ള അവസാന പട്ടിക ഞായറാഴ്ച മാത്രമേ ലഭ്യമാകൂ. ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രമുഖ നേതാക്കള്‍ക്ക് അപരന്മാരുണ്ട്.

സൂക്ഷ്മപരിശോധനയില്‍ തള്ളിയതിലധികവും ഡമ്മികളുടെയും സ്വതന്ത്രന്മാരുടെയും പത്രികകളാണ്. ചില സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കെതിരെ എതിര്‍കക്ഷികള്‍ പരാതികള്‍ ഉന്നയിച്ചു. എന്നാല്‍, കൃത്യമായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ പരാതികള്‍ പലതും തള്ളിപ്പോയി. ചില പരാതികളില്‍ കൃത്യമായ രേഖകള്‍ സ്ഥാനാര്‍ഥികള്‍ ഹാജരാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ പരാതികള്‍ നിലനിന്നില്ല. തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീശാന്തിനെതിരെ പരാതി വന്നെങ്കിലും അത് തള്ളി. ക്രിക്കറ്റിലെ ഒത്തുകളി സംബന്ധിച്ച കേസിന്‍െറ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നായിരുന്നു പരാതി. എന്നാല്‍, കോടതി ശിക്ഷിച്ചാല്‍ മാത്രമേ അക്കാര്യം പരിഗണിക്കാനാകൂ എന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ വരണാധികാരി പത്രിക അംഗീകരിച്ചു.
സംസ്ഥാനത്തുടനീളം 1647 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ച 734 പത്രികകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇത്തവണയും ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറത്താണ്, 204. കുറവ് വയനാട്ടിലും, 41. തെരഞ്ഞെടുപ്പിന്‍െറ ഒരുക്കം വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസിം സെയ്ദിയുടെ നേതൃത്വത്തിലെ സംഘം ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ തിരുവനന്തപുരത്തുണ്ടാകും.

തെരഞ്ഞെടുപ്പ് കമീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ.കെ. ജ്യോതി, തെരഞ്ഞെടുപ്പ് ഡയറക്ടര്‍ ജനറല്‍ സുദീപ് ജെയിന്‍, ചെലവ് നിരീക്ഷക വിഭാഗം ഡയറക്ടര്‍ എന്‍.സി. സ്വയിന്‍, ഡയറക്ടര്‍ ധീരേന്ദ്രഓജ, ഡെപ്യൂട്ടി സെക്രട്ടറി നിഖില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും.
തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം. അതോടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. മേയ്16നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19നു നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.