കണക്റ്റഡ് ലോഡ് നിയമാനുസൃതമാക്കാന്‍ താല്‍പര്യക്കുറവ്; സമയപരിധി ജൂണ്‍ വരെ നീട്ടി


 മഞ്ചേരി: പുതിയ കണക്റ്റഡ് ലോഡ് ഏകീകരിക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയോട് ഉപഭോക്താക്കള്‍ക്ക് പൊതുവെ താല്‍പര്യക്കുറവ്. ഇതിനാല്‍ മാര്‍ച്ച് 31ന് അവസാനിക്കുമായിരുന്ന സമയപരിധി ജൂണ്‍ 30 വരെയാക്കി. നിശ്ചിത യൂനിറ്റ് കണക്കാക്കിയാണ് വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്. പിന്നീട് വൈദ്യുതി ഉപകരണങ്ങള്‍ സ്ഥാപിക്കുമ്പോഴും വീട് വലുതാക്കുമ്പോഴും കണക്റ്റഡ് ലോഡില്‍ വലിയ മാറ്റം വരും. കരാറിലേറെ വൈദ്യുതി ഉപയോഗിക്കുന്നെങ്കില്‍ ചില ഘട്ടങ്ങളില്‍ പിഴയടക്കണം.
 ഇത്തരം ഉപഭോക്താക്കള്‍ക്കായാണ് പ്രത്യേക ഫീസ് വാങ്ങി ലോഡ് നിയമാനുസൃതമാക്കാനൊരുങ്ങിയത്. ഫെബ്രുവരി 25ന് വൈദ്യുതി ബോര്‍ഡ് ഇതിനായി ഉത്തരവിറക്കിയെങ്കിലും അത് ഉപഭോക്താക്കളിലേക്കത്തെിയിട്ടില്ല.
 കരാറില്‍ പറഞ്ഞ കണക്റ്റഡ് ലോഡ് മാറ്റത്തെതുടര്‍ന്ന് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ മുമ്പ് അംഗീകൃത വയറിങ് കരാറുകാരനോ സൂപ്പര്‍വൈസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നു.
 എന്നാല്‍, ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ഉപഭോക്താവ് സ്വന്തം പ്രസ്താവന നല്‍കി സാക്ഷ്യപ്പെടുത്തിയാല്‍ മതി.പത്ത് രൂപയുടെ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.
 വീട്ടില്‍ ഘടിപ്പിച്ച വൈദ്യുത ഉപകരണങ്ങളുടെ വിവരവും എണ്ണവും രേഖപ്പെടുത്തി അപേക്ഷ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നല്‍കണം. 25 രൂപ അപേക്ഷാ ഫീസും സിംഗിള്‍ഫേസ് ലൈനിന് 25 രൂപയും ത്രീഫേസ് ലൈനിന് 50 രൂപയും പരിശോധനാ ഫീസ് വേറെയും നല്‍കണം. വൈദ്യുതി ബില്ലിലും കെ.എസ്.ഇ.ബി രേഖകളിലും ഉപഭോക്താവിന്‍െറ പേരും വിലാസവും തെറ്റായി വന്നിട്ടുണ്ടെങ്കില്‍ തിരുത്താനും ഈ ഘട്ടത്തില്‍ അവസരം നല്‍കും.
 ശരിയായ പേരും വിലാസവുമുള്ള, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി അപേക്ഷിക്കണം. ഇതിനും പത്തുരൂപ ഫീസുണ്ട്. കണക്റ്റഡ് ലോഡ് നിയമാനുസൃതമാക്കാന്‍ പരിശോധനാ ഫീസ് നല്‍കേണ്ടിവരുന്നതിനാലും ഉപഭോക്താക്കള്‍ക്ക് താല്‍പര്യക്കുറവുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.