മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്യസമര സേനാനിയുമായ പയ്യപ്പിളളി ബാലൻ (91) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സി.പി.എം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പിയമ്മയുടെയും നാവുള്ളി കൂടാനക്കാട്ട് ഇരവിരാമന്‍പിള്ളയുടെയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള എന്ന പയ്യപ്പിള്ളി ബാലന്‍ ജനിച്ചത്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്്. ആലുവ അദ്വൈതാശ്രമം സംസ്കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945 ല്‍ ആലുവ യു.സി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍റെ സജീവ പ്രവര്‍ത്തകനായി. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ദേശാഭിമാനി കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ കുറച്ചുകാലം പത്രത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആലുവാപ്പുഴ പിന്നെയും ഒഴുകി, പാലിയം സമരം, മായാത്ത സ്മരണകള് മായാത്ത മുഖങ്ങള് സ്റ്റാലിന്റെ പ്രസക്തി തുടങ്ങിയ പുസ്തകങ്ങൾ  എഴുതിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.