കടബാധ്യത: ഗൃഹനാഥന്‍ ജീവനൊടുക്കി


ചേര്‍ത്തല: ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങി കടബാധ്യതയിലായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചേര്‍ത്തല നഗരസഭ ഒമ്പതാം വാര്‍ഡ് ശാവശ്ശേരി ശ്രുതിനിലയത്തില്‍ എ.ജി. ഗണേശനാണ് (49) മരിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്ക് ചേര്‍ത്തല ശാഖയില്‍നിന്ന്  ചെറുകിട സ്വയം തൊഴില്‍ സംരംഭത്തിന് സര്‍ക്കാര്‍ നല്‍കുന്ന യുവശ്രീ വായ്പ കുടിശ്ശികയായതിനാല്‍ ചേര്‍ത്തല കോടതിയില്‍ കഴിഞ്ഞ 11ന് നടന്ന ലോക്അദാലത്തില്‍ പങ്കെടുക്കണമെന്ന് ഗണേശന് നോട്ടീസ് ലഭിച്ചതാണ്. എന്നാല്‍, അടയ്ക്കാനുള്ള തുക ഇല്ലാത്തതിനാല്‍ പങ്കെടുത്തിരുന്നില്ല. 
മകള്‍ ശ്രുതിയുടെ നഴ്സിങ് പഠനത്തിന് ബാങ്ക് ഓഫ് ബറോഡ ചേര്‍ത്തല ശാഖയില്‍നിന്ന് 2011ല്‍ എടുത്ത ഒരുലക്ഷം രൂപയുടെ വായ്പയുടെ തിരിച്ചടവ് ഈ മാസം തുടങ്ങേണ്ടതാണ്. ഇതിനിടെ ശ്രുതിയുടെ വിവാഹം ആറുമാസം മുമ്പ് നടത്തിയിരുന്നു. വിവാഹസംബന്ധമായും കടബാധ്യത ഉണ്ടായിരുന്നു. ശ്രുതിക്ക് ഇതുവരെ ജോലി ലഭിച്ചിട്ടുമില്ല. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരശാലയില്‍ ജോലിയെടുത്താണ് ഗണേശന്‍ നിത്യചെലവ് നടത്തിയിരുന്നത്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദവുമുള്ള ഭാര്യ സുജ വീടിനടുത്തുള്ള ക്ഷേത്രത്തിനോട് ചേര്‍ന്ന കാന്‍റീന്‍ നടത്തുകയാണ്. മകന്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ശബരി തിങ്കളാഴ്ച ഉച്ചയോടെ സ്കൂളില്‍നിന്നും മടങ്ങിയത്തെിയപ്പോള്‍ വീടിന്‍െറ കതക് അടച്ചുപൂട്ടിയിരിക്കുന്നത് കണ്ട് ജനല്‍വഴി നോക്കിയപ്പോഴാണ് അച്ഛന്‍ തൂങ്ങിയനിലയില്‍ കണ്ടത്. ശബരിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി വാതില്‍ തുറന്നെങ്കിലും മരിച്ചിരുന്നു. താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. മരുമകന്‍: അമീഷ്. 
കടബാധ്യതയെ തുടര്‍ന്ന് ചേര്‍ത്തല നഗരസഭാ പ്രദേശത്ത്  ജീവനൊടുക്കുന്ന  രണ്ടാമത്തെ വ്യക്തിയാണ് ഗണേശന്‍. കഴിഞ്ഞ 18ന് ചേര്‍ത്തല ചെങ്ങണ്ട ചുങ്കത്ത് ഫല്‍ഗുനന്‍ ബാങ്ക് നടപടിയെതുടര്‍ന്ന് തൂങ്ങിമരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.