തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകാതെ സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ക്ളാസെടുക്കാന്‍ പോകുന്ന അധ്യാപകരെ പിടികൂടാന്‍ സ്ക്വാഡിനെ നിയോഗിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുമാണ് വാല്വേഷന്‍ ആന്‍ഡ് ടാബുലേഷന്‍ ക്യാമ്പ് മോണിറ്ററിങ് സമിതി രൂപവത്കരിച്ചത്. കഴിഞ്ഞ വര്‍ഷം 50ല്‍ പരം അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകാതെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ക്ളാസെടുക്കാന്‍ പോയതായി വിജിലന്‍സ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചത്.
മതിയായ കാരണമില്ലാതെ ക്യാമ്പില്‍ ഹാജരാകാത്തവരായി കണ്ടത്തെുന്നവരെ സസ്പെന്‍ഡ് ചെയ്യാനാണ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുള്ളത്. മൂല്യനിര്‍ണയ ക്യാമ്പുകളിലെ ഹാജര്‍നില പരിശോധിക്കുകയും എത്താതിരിക്കുന്നവരെ ഫോണില്‍ ബന്ധപ്പെട്ട് വിശദീകരണം തേടുകയും ചെയ്യും.
തൃപ്തികരമായ മെഡിക്കല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മാത്രമേ ഇളവ് നല്‍കൂ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പ്രധാന എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നിടങ്ങളിലേക്കാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ക്ളാസെടുക്കാന്‍ പോയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരെ ഇത്തവണ പ്രത്യേകം നിരീക്ഷിക്കും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് അധ്യാപകരാണ് മൂല്യനിര്‍ണയ ചുമതല ഒഴിവാക്കി എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍. മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകര്‍ എത്താത്തതുകാരണം റിസല്‍റ്റ് വൈകുന്ന സാഹചര്യമുണ്ടായിരുന്നു. മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിലും കഴിഞ്ഞ വര്‍ഷം മെല്ളെപ്പോക്ക് ഉണ്ടായി. ഇത്തവണ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതും പ്രത്യേകം നിരീക്ഷണ വിധേയമാക്കും. 66 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 26 കേന്ദ്രങ്ങള്‍ മാര്‍ക്ക് അപ്ലോഡിങ് കേന്ദ്രങ്ങള്‍ കൂടിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.