കണ്ണൂര്‍: വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറിയില്‍നിന്ന് പണവും വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ രേഖാചിത്രം ടൗണ്‍ പൊലീസ് പുറത്തുവിട്ടു. കടയിലെ ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ പ്രത്യേക സംഘമാണ് രേഖാചിത്രങ്ങള്‍ തയാറാക്കിയത്. നേരത്തേ കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടവരുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരല്ളെന്നു വ്യക്തമായതോടെയാണ് ചിത്രം പുറത്തുവിട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ ഉത്തരേന്ത്യന്‍ സ്വദേശിയുടെ കടയിലാണ് കവര്‍ച്ച നടന്നത്. 15 ലക്ഷം രൂപയും രണ്ടുകിലോ വെള്ളിയുമാണ് കവര്‍ന്നത്. ടൗണ്‍ സി.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടയുടെ സമീപത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുള്ള ചിത്രം ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.
ഹിന്ദിയും മലയാളവും സംസാരിക്കുന്ന ഏഴംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് കടയിലുള്ളവര്‍ പൊലീസിനോടു പറഞ്ഞത്. ഇന്നോവ കാറിലത്തെിയ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് കണ്ണൂര്‍ എസ്.പി ഓഫിസില്‍ നിന്നാണെന്നും കട പരിശോധിക്കണമെന്നും പറഞ്ഞ് അലമാരയിലും മേശയിലും സൂക്ഷിച്ച പണവും ആഭരണങ്ങളും കൈക്കലാക്കി മുങ്ങുകയായിരുന്നു. വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ സി.ഐയുടെ നമ്പറില്‍ (949798203)ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.