സോളാര്‍ സമരം ഉള്‍പ്പെടെ നാലു കേസുകളില്‍ പിണറായിക്ക് ജാമ്യം

തിരുവനന്തപുരം: സോളാര്‍ രാപ്പകല്‍ സമരക്കേസ് ഉള്‍പ്പെടെ നാലു കേസുകളില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ നേരിട്ട് ഹാജരായ പിണറായി വിജയന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്. നോബലാണ് ജാമ്യം അനുവദിച്ചത്. കേസുകളില്‍ പിണറായി വിജയന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി നേരത്തേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് ഉത്തരവിട്ടിരുന്നു.  
പിണറായിക്കു പുറമെ സി.പി.എം സ്ഥാനാര്‍ഥികളായ കടകംപളളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എന്നിവരും സി.പി.എം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, എ.എ. റഷീദ്, മുന്‍ മേയര്‍ ചന്ദ്രിക എന്നിവരും കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. സോളാര്‍ രാപ്പകല്‍ ഉപരോധസമരത്തിനു പുറമെ ആര്‍.എം.എസ് ഉപരോധം, രാജ്ഭവന്‍ ഉപരോധം, ഡി.ജി.പി ഓഫിസ് മാര്‍ച്ച് എന്നിവയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.