ഫാഷിസത്തെ എതിര്‍ക്കുന്നവരുടെ ദേശീയ കൂട്ടായ്മ രൂപപ്പെടണം –എം.ഐ. അബ്ദുല്‍ അസീസ്

കാസര്‍കോട്: ഫാഷിസത്തെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ ദേശീയ തലത്തില്‍ രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ‘മാറുന്ന ലോകസാഹചര്യവും മുസ്ലിം സമൂഹവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും വെല്ലുവിളിച്ച് ഫാഷിസത്തിന്‍െറ തികഞ്ഞ വിളയാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ അവര്‍ ഏത് വഴിയും സ്വീകരിക്കുമെന്ന്് തെളിയിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം നടത്തി അതിന്‍െറ നേട്ടം കൊയ്യുകയാണ് ഈ ശക്തികളുടെ ലക്ഷ്യം. യു.പിയില്‍ പരീക്ഷിച്ചത് അതാണ്.

വര്‍ഗീയ ധ്രുവീകരണത്തെ മുളയിലേ നുള്ളിക്കളയണം. ഇതിനെതിരെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും എല്ലാ വിഭാഗത്തിലുമുള്ളവര്‍ കൂട്ടായ്മയുണ്ടാക്കണം. വര്‍ഗീയ ധ്രുവീകരണം ഇസ്ലാമിന് നഷ്ടമാണുണ്ടാക്കുക. എത്രമാത്രം പ്രകോപനമുണ്ടായാലും ധ്രുവീകരണത്തിന്‍െറ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് സമുദായം കടന്നുപോകുന്നത്. സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ വളരെ വലുതാണ്.

പ്രകോപനത്തിന് വിധേയരാകാതെ, നാടിന്‍െറ ബഹുസ്വരതയെ തകര്‍ക്കുന്ന ഫാഷിസത്തിന്‍െറ ഗൂഢലക്ഷ്യങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടണം. ഇതിന് സമുദായ ഐക്യം വളരെ പ്രധാനമാണ്. മാനവികമായ നന്മക്കുവേണ്ടി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഖാലിദ് മൂസ നദ്വി, ജില്ലാ പ്രസിഡന്‍റ് കെ. മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു. അഷറഫ് ബായാര്‍, ബി.കെ. മുഹമ്മദ്, അബൂബക്കര്‍ ഉമരി, എം.എച്ച്. സീതി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.