തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. മണിക്ക് ഗുരുതരമായ കരള്‍രോഗമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
കരള്‍ രോഗത്തിനൊപ്പം മദ്യപാനമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. മദ്യം കഴിക്കരുതെന്ന് മണിക്ക് ഡോക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ അദ്ദേഹം മദ്യപാനം നിര്‍ത്തി. എന്നാല്‍, സമീപ ദിവസങ്ങളില്‍ വീണ്ടും മദ്യപിച്ചതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ലഭിക്കൂ. പരിശോധനാഫലം ലഭിക്കുന്നതിന് ഒരു മാസം താമസമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
സംഭവ ദിവസം മണിയോടൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി, മണിയുടെ ഭാര്യയുടെ ബന്ധു എന്നിവരുടെയും മൊഴി ചാലക്കുടി പൊലീസ് എടുത്തിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നതാണ് മരണത്തിനു കാരണമെന്ന സംശയം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.