മെത്രാന്‍ കായല്‍ നികത്തലിന് പിന്നില്‍ വന്‍കിട ബിസിനസ് താല്‍പര്യം

തിരുവ നന്തപുരം: മെത്രാന്‍ കായല്‍ വയല്‍ നികത്തലിന് പിന്നില്‍ വന്‍കിട ബിസിനസ് താല്‍പര്യം. ‘റാക്കിന്‍ഡോ കുമരകം റിസോര്‍ട്ട്’ എന്ന പേരിലാണ് ഇവിടെ വ്യവസായ പദ്ധതി നടപ്പാക്കുന്നത്.  യു.എ.ഇ ആസ്ഥാനമായ റകീന്‍ ഗ്രൂപ്പും ഖനന വ്യവസായ രംഗത്തെ ഇന്ത്യയിലെ സംരംഭമായ റെട്രമെക്സും ചേര്‍ന്നാണ് ‘റാക്കിന്‍ഡോ ഡെവലപേഴ്സ്’ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് രൂപം നല്‍കിയത്.

പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണ് ഇതെന്ന സര്‍ക്കാറിന്‍െറ നിലപാട് അടിത്തറയില്ലാത്തതാണെന്നും വ്യക്തമാവുകയാണ്. സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട്, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ലക്ഷ്വറി കോട്ടേജുകള്‍, തിയറ്റര്‍, ഗോള്‍ഫ് ക്ളബ് തുങ്ങിയവയാണ് കമ്പനിയുടെ പദ്ധതികളിലുള്ളത്.
ആദ്യം തയാറാക്കിയ പദ്ധതിയനുസരിച്ച് ഭൂമിയുടെ 16 ശതമാനം സ്ഥലം നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. 150 ഏക്കറില്‍ ഗോള്‍ഫ് കോഴ്സും എട്ട് ഏക്കറില്‍ റോഡുകളും 10 ഏക്കറില്‍ കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കും. അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പക്ഷിസങ്കേതമായി (ഐ.ബി.എ) പ്രഖ്യാപിച്ചതിനാല്‍  ഇവിടെ 22 ഏക്കറില്‍ പക്ഷിസങ്കേതമൊരുക്കാമെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതാണ് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്ന പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനം. 2006 വരെ സജീവമായി നെല്‍കൃഷി നടത്തിയിരുന്ന നിലം വിവിധ ബിനാമി കമ്പനികളുടെ പേരില്‍ 2007ല്‍ സ്വന്തമാക്കിയ ശേഷമാണ് നികത്തുന്നതിനുള്ള അനുമതിക്കായി സര്‍ക്കാറിനെ സമീപിച്ചത്.

നിയമവ്യവസ്ഥ എന്തായിരുന്നാലും പദ്ധതിക്ക് ആവശ്യമായ അനുമതി മന്ത്രിസഭായോഗത്തില്‍നിന്ന് നേടിയെടുക്കുമെന്നായിരുന്നു ഉടമകളുടെ പ്രഖ്യാപനം.
 നെല്‍വയല്‍ തരിശിട്ടതോടെ നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് രൂപവത്കൃതമായ പ്രദേശികതല നിരീക്ഷണ സമിതി ഉടമകള്‍ക്ക് കത്ത് നല്‍കുകയും കൃഷി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഉടമകള്‍ കൃഷി നടത്താന്‍ താല്‍പര്യമില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ കുമരകം ഗ്രാമപഞ്ചായത്ത് ഇവിടെ കൃഷി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കി. കോട്ടയം കലക്ടറോട് കൃഷി ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസ്ഥാന റൈസ് മിഷന്‍ ഡയറക്ടര്‍ മെത്രാന്‍ കായല്‍ സന്ദര്‍ശിച്ച് കൃഷി നടത്തുന്നതിന് വിശദമായ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഉടമകളുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നില്‍ പദ്ധതി നടപ്പായില്ല. നിയമസഭാ പരിസ്ഥിതി സമിതി കോട്ടയം കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പിലും ടൂറിസം പദ്ധതിക്കെതിരെ കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. സമിതി സ്ഥലം സന്ദര്‍ശിച്ച് കൃഷി നടത്തുന്നതിന് അനുകൂലമായി നടപടിസ്വീകരിക്കുമെന്ന ഉറപ്പും നല്‍കി. എന്നാല്‍, ഇതെല്ലാം അവഗണിച്ചായിരുന്നു സര്‍ക്കാറിന്‍െറ പുതിയ ഉത്തവ്.

കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ ഉല്‍പാദന ക്ഷമതയില്‍ മുന്നിലാണ് മെത്രാന്‍ കായല്‍. പാടം സ്വകാര്യ കമ്പനി  കൈയടക്കുന്നതിനു മുമ്പ് ഒരുതവണത്തെ കൃഷിയില്‍ ഉല്‍പാദിപ്പിച്ചിരുന്നത് 105500 ക്വിന്‍റല്‍ നെല്ലായിരുന്നു. ശരാശരി 22165 സുസ്ഥിരതൊഴില്‍ ദിനങ്ങളും ലഭിച്ചു. പാടത്ത് തൊഴില്‍ ചെയ്തത് 85 ശതമാനവും സ്ത്രീത്തൊഴിലാളികളായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.