മുഖ്യമന്ത്രിയുടെ മറുപടി പച്ചക്കള്ളമെന്ന് ദലിത് യുവതികള്‍

തലശ്ശേരി: കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സി.പി.എം ഓഫിസില്‍ കയറി പ്രാദേശിക നേതാവിനെ ആക്രമിച്ചതിനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാദം പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്‍, മക്കളായ അഖില, അഞ്ജുന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ കെ.സി. ജോസഫ് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ദു:ഖകരവും ലജ്ജാകരവുമാണ്.

സി.പി.എം സ്ഥാനാര്‍ഥി കാരായി ചന്ദ്രശേഖരനെതിരെ മത്സരിച്ചശേഷം സി.പി.എമ്മുകാര്‍ തന്നെ നിരന്തരം ആക്രമിക്കാറുണ്ടെന്ന് രാജന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ നേരിട്ട് പൊലീസ്സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം വാസ്തവ വിരുദ്ധമാണ്. ഞങ്ങള്‍ നല്‍കിയ പരാതിയില്‍ സ്റ്റേറ്റ്മെന്‍റ് എടുക്കണമെന്ന് എസ്.ഐ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൈക്കുഞ്ഞുമായി സ്റ്റേഷനില്‍ എത്തിയത്.
അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കുമെന്നും എസ്.ഐ പറഞ്ഞത്. സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അഖിലക്കൊപ്പം ഒന്നര വയസ്സുള്ള മകളും ഉണ്ടായിരുന്നു. തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി കാമറ  പരിശോധിച്ചാല്‍ ഇത് തെളിയും. അന്നേദിവസം വൈകീട്ട് മൂന്നുമണിവരെയും സ്റ്റേഷനില്‍ കുഞ്ഞ് അഖിലക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴും മജിസ്ട്രേറ്റിന്‍െറ മുന്നില്‍ ഹാജരാക്കിയപ്പോഴും കുഞ്ഞ് ഒപ്പം തന്നെയുണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരോട് ചോദിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എന്നിട്ടും അറസ്റ്റ് ചെയ്യുമ്പോള്‍ കുഞ്ഞുണ്ടായിരുന്നില്ളെന്ന് മുഖ്യമന്ത്രി കളവ് പറയുകയാണ്. ജാമ്യാപേക്ഷ നല്‍കാതെ രണ്ടുപേരും സ്വയം ജയിലില്‍ പോയതാണെന്നാണ് മുഖ്യമന്ത്രിയുടെ വിചിത്രമായ മറ്റൊരു വാദം. തന്‍െറ രണ്ട് പെണ്‍മക്കളും കൈക്കുഞ്ഞും രണ്ട് വനിതാ പൊലീസുകാരും വക്കീലും രണ്ട് ജാമ്യക്കാരും ഒന്നിച്ചാണ് മജിസ്ട്രേറ്റിന്‍െറ ചേംബറില്‍ പോയത്. അഡ്വ. വസന്തറാം ജാമ്യാപേക്ഷ നല്‍കിയിട്ടും മജിസ്ട്രേറ്റ് നിരസിക്കുകയായിരുന്നുവെന്ന് രാജന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കാതെ ദലിത് യുവതികളെ കൈക്കുഞ്ഞുമായി ജയിലിലടച്ച സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരെ ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. ഷാഹുല്‍ ഹമീദ് പറഞ്ഞു. പട്ടികജാതി-വര്‍ഗ കമീഷന് അഖിലയും അഞ്ജുനയും പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നേരിട്ട് കേസ് അന്വേഷിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതികളെ അപമാനിച്ച സംഭവത്തില്‍ അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യക്കുമെതിരെ നിസ്സാര വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.  അഖിലയുടെ ഭര്‍ത്താവ് വികാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.