മുഖ്യമന്ത്രി നടപ്പാക്കുന്നത് ഇരട്ട നീതി –രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദലിത് പീഡനങ്ങള്‍ക്കെതിരെയും പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും തുല്യനീതിയെന്ന് പ്രഖ്യാപിച്ച് അധികാരത്തിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് ഇരട്ട നീതി നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദലിത് പിന്നാക്ക പീഡനമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ തുടര്‍ന്ന നിലപാടാണ് മുഖ്യമന്ത്രിയായപ്പോഴും പിണറായി സ്വീകരിക്കുന്നത്. തലശ്ശേരിയിലെ ദലിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രി പെരുമാറാന്‍ പാടില്ലാത്ത രീതിയിലാണ് പിണറായിയുടെ ഇടപെടല്‍.  
തലശ്ശേരിയിലെ ദലിത് പെണ്‍കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്  കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.
ദലിത് പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, ഫാത്തിമ, രാജലക്ഷ്മി, സുധാകുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.