ദളിത് യുവതികളുടെ അറസ്റ്റ്: മാനദണ്ഡം അനുസരിച്ചെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തലശേരിയിലെ കുട്ടിമാക്കൂലിൽ ദളിത് സഹോദരിമാരെ ജയിലിലടച്ചത് സുപ്രീംകോടതി മാനദണ്ഡം അനുസരിച്ചാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇരിക്കൂർ എം.എൽ.എ കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

യുവതികൾ ജാമ്യമെടുക്കാൻ തയാറാകാത്തതുകൊണ്ടാണ് ജയിലിൽ പോകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പാർട്ടി ഓഫിസിൽ കയറി ബഹളം വെച്ചതിനാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതികളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കുട്ടി കൂടെ ഇല്ലായിരുന്നുവെന്നും പിന്നീട് ജയിലിലേക്ക് പോകുന്നതിനിടയില്‍ ഇവര്‍ കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവം സംഭവത്തിനില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെപ്പോലെയാണ് പെരുമാറന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോൾ പൊലീസ് രാജാണ്. മന്ത്രിമാരാണോ പൊലീസാണോ സംസ്ഥാനത്ത് ഭരണം നടത്തുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.