പാര്‍ട്ടി ഗ്രാമങ്ങളിലെ പൗരാവകാശ ധ്വംസനം സി.പി.എം അന്വേഷിക്കണം –സുധീരന്‍

തലശ്ശേരി: പാര്‍ട്ടി ഗ്രാമങ്ങളിലെ പൗരാവകാശ ധ്വംസനം  അന്വേഷിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം പോലും പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജനെയും കുടുംബത്തെയും ആക്രമിച്ചതിലും രണ്ട് പെണ്‍മക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്  സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.  സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് കമീഷന്‍ എന്തെല്ലാം നടപടി സ്വീകരിച്ചാലും അതൊന്നും സി.പി.എമ്മിന് ബാധകമാകാറില്ല. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ക്രിമിനലുകളെ സി.പി.എം ഓഫിസില്‍ കയറി ചോദ്യം ചെയ്ത പെണ്‍കുട്ടികളുടെ ധീരതയെ ന്യായീകരിക്കുന്നതായും ഇവര്‍ സി.പി.എം പ്രവര്‍ത്തകരെ മര്‍ദിച്ച് അവശരാക്കിയെന്നത് അവിശ്വസനീയമായ കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസ് പെണ്‍കുട്ടികളെ ചതിക്കുഴിയിലാണ് വീഴ്ത്തിയത്. ഇത് ആസൂത്രിതമാണ്. അതിലേറെ നിര്‍ഭാഗ്യകരമാണ് സാധാരണക്കാരന്‍െറ പ്രതീക്ഷയായ ജുഡീഷ്യറിയില്‍ നിന്ന് ഇവര്‍ക്ക് നീതികിട്ടിയില്ളെന്നത്.  ഇവര്‍ക്കെതിരെയെടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും അതിന് കൂട്ടുനിന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. തെറ്റ് തിരുത്താന്‍ സി.പി.എം നേതൃത്വം തയാറാകണം.  
 അധികാരമേറ്റ് കുറഞ്ഞ ദിവസം കൊണ്ടുതന്നെ കേരളത്തില്‍  നിയമ വാഴ്ച തകരുന്ന സ്ഥിതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അക്ഷരാര്‍ഥത്തില്‍ ഭരണകൂടത്തിന്‍െറ ഭീകരത കേരളത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

അധികാരം ഉപയോഗിച്ച് ഇഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ശൈലിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.