പുറ്റിങ്ങല്‍ ദുരന്തം: അന്വേഷണം ശരിയായ ദിശയിലല്ല –ക്ഷേത്രം ഭാരവാഹികള്‍

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ളെന്ന് ക്ഷേത്ര ഭാരവാഹികള്‍. അപകടത്തിന് തൊട്ടുമുമ്പ് കമ്പപ്പുരയിലേക്ക് ഓടിക്കയറിയ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതിയും പുറ്റിങ്ങല്‍ ദേവസ്വം സംയുക്ത കരയോഗവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ നടന്നത് മത്സരക്കമ്പമായിരുന്നില്ല. കമ്പക്കെട്ടില്‍ ‘ആശാന്മാരുടെ ഇഷ്ടം’ എന്ന വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആശാന്മാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വെടിക്കോപ്പുകളാണ് ഉപയോഗിക്കുക. മത്സരക്കമ്പമല്ളെങ്കിലും ആശാന്മാര്‍ തങ്ങളാണ് കേമന്മാരെന്ന് കാണിക്കാന്‍ ഉഗ്രശേഷിയുള്ള വെടിക്കോപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്താറുണ്ട്. പുറ്റിങ്ങലില്‍ ദുരന്തത്തിന് ഇടയാക്കിയതും ആവശ്യത്തില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതും ഈ ഇനത്തിലാകാം. ഇതെല്ലാം പരിശോധിക്കേണ്ടത് ക്ഷേത്ര ഭാരവാഹികളല്ല, ഭരണകൂടമാണ്.
സാധാരണനിലയില്‍ അമിട്ട് പുറത്തേക്ക് കൊണ്ടുവരുന്നത് നനഞ്ഞ ചാക്ക് മൂടിയാണ്. ഇത് കൊണ്ടുവരുന്നവരും ചാക്ക് തലയിലിടും. ഏതെങ്കിലും തരത്തില്‍ തീപ്പൊരി വീണാലും അപകടമുണ്ടാകാതിരിക്കാനാണിത്. എന്നാല്‍, ഇത്തരത്തില്‍ ഒരു സുരക്ഷയും പാലിക്കാതെയാണ് അമിട്ട് പുറത്തേക്ക് കൊണ്ടുവന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനുപുറമെ, അജ്ഞാതനായ ഒരാള്‍ കമ്പപ്പുരയിലേക്ക് ഓടിക്കയറുകയും തിരിച്ചിറങ്ങി ഓടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പപ്പുരയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയ അമിട്ടില്‍ തീപ്പൊരി പതിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണം.
അപകടമുണ്ടായ ഉടന്‍ ഒരുസംഘം ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ശ്രദ്ധേയമാണ്. മാത്രമല്ല, ക്ഷേത്രം ഓഫിസും മൂലസ്ഥാനത്തിന്‍െറ ചുറ്റുമതിലും അടിച്ചുതകര്‍ത്ത സംഭവത്തിലും അന്വേഷണം വേണം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രസംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിലും ഒരു സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രസംരക്ഷണ സമിതി കണ്‍വീനര്‍ മാങ്കുളം രാജേഷ്, പുറ്റിങ്ങല്‍ ദേവസ്വം സംയുക്ത കരയോഗം കമ്മിറ്റി സെക്രട്ടറി പരവൂര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.