അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ നാലര കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇട്ടാല്‍ അതിരപ്പിള്ളി വൈദ്യുതിപദ്ധതിനിലയം പണിയുന്നതുവഴി ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍.ഇ.ഡിയിലേക്ക് പൂര്‍ണമായി മാറ്റുന്നത് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, നബാര്‍ഡ്, സി-ഡിറ്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നശേഷം തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകളുണ്ട്. ഇതില്‍ 90 ശതമാനം സി.എഫ്.എല്‍ ആണെന്നാണ് കണക്ക്. ഇവ മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ പകരം കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. നാലര കോടി ബള്‍ബിന് 250 കോടി രൂപയേ ചെലവ് വരൂ. അതിരപ്പിള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150-170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി രൂപയും. സര്‍ക്കാര്‍ 250 കോടി മുടക്കി സൗജന്യമായി എല്‍.ഇ.ഡി വിളക്കുകള്‍ നല്‍കിയാല്‍ 2250 കോടി രൂപ മുടക്കി വൈദ്യുതിനിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാം. പിന്നെന്തിന് സര്‍ക്കാര്‍ അമാന്തിക്കണം.

അതേസമയം, അതിരപ്പിള്ളി പദ്ധതി വേണമെന്ന് പറയുന്നവരെല്ലാം പരിസ്ഥിതിവിരുദ്ധരെന്ന് ധരിക്കേണ്ട. എല്ലാവരും തുറന്ന മനസ്സോടെ ചര്‍ച്ചചെയ്താല്‍ നന്ന്. ഇന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിയെ എതിര്‍ക്കുന്നുണ്ടെങ്കിലും ഡോ. എം.പി. പരമേശ്വരന്‍ അടക്കമുള്ള പലരും രണ്ട് ദശാബ്ദം മുമ്പ് പദ്ധതിയെ അംഗീകരിച്ച് നിലപാടെടുത്തവരാണ്. അഭിപ്രായസമന്വയത്തിന്‍െറ അടിസ്ഥാനത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പറ്റൂവെന്നും അദ്ദേഹം കുറിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.