ഭീമന്‍ താമരപ്പൂക്കളം ഏഷ്യന്‍ റെക്കോഡില്‍

തിരുനാവായ (മലപ്പുറം): പരിസ്ഥിതി സംഘടനയായ റീ-എക്കൗ കഴിഞ്ഞ ഒക്ടോബര്‍ ആറിന് എടക്കുളം എ.എം.യു.പി സ്കൂള്‍ മൈതാനത്തൊരുക്കിയ ഭീമന്‍ താമരപ്പൂക്കളം കൊല്‍ക്കത്ത ആസ്ഥാനമായ യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍െറ ഏഷ്യന്‍ റെക്കോഡിന് അര്‍ഹമായി. 12,300 താമരപ്പൂക്കള്‍ കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത്. യു.ആര്‍.എഫ് പ്രസിഡന്‍റ് ഡോ. സിദ്ധാര്‍ഥ ഘോഷടങ്ങുന്ന ജൂറി ബോര്‍ഡ് പരിശോധനക്ക് ശേഷമാണ് റെക്കോഡ് ഫോറത്തിന്‍െറ ഏഷ്യന്‍ ജൂറി ഹെഡ് ഡോ. സുനില്‍ ജോസഫ് പ്രഖ്യാപനം നടത്തിയത്. 1200 അടി ചുറ്റളവിലാണ് ഭീമന്‍ താമരപ്പൂക്കളം നിര്‍മിച്ചത്. ലക്ഷത്തിലധികം രൂപയോളം വരുന്ന പൂക്കളാണ് വലിയ പറപ്പൂര്‍, വാവൂര്‍പാടം, പല്ലാറ്റ് കായല്‍ തുടങ്ങിയിടങ്ങളില്‍നിന്ന് കര്‍ഷകര്‍ ശേഖരിച്ചത്.

മുതിര്‍ന്ന കര്‍ഷകരായ കെ.വി. മൊയ്തുഹാജിയും കാരക്കാടന്‍ മുഹമ്മദും ചേര്‍ന്ന് തുടങ്ങിയ താമരക്കളം നിര്‍മാണം നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയ വിവരം മലപ്പുറം അവിസന്ന കളരി ചെയര്‍മാന്‍ കാടാമ്പുഴ ചെമ്മുക്കന്‍ മൂസ ഗുരുക്കള്‍ പ്രഖ്യാപിച്ചു. കണിയാട്ടില്‍ സലാം, വെള്ളാടത്ത് കുട്ടു, സി.കെ. സുബ്രഹ്മണ്യന്‍, കുറ്റിപ്പറമ്പില്‍ സെയ്തലവി, കാരക്കാടന്‍ അബ്ദു, സി.പി. അബ്ദുട്ടി, കെ.പി. യഹ്യ, സി.പി. സൈനുദ്ദീന്‍, കെ. ഹുസൈന്‍, ചന്ദ്രന്‍ കിഴക്കേതില്‍പടി, കെ.പി. അഷ്റഫ്, കെ. അസ്ലം, ചക്കാലിപ്പറമ്പില്‍ മുസ്തഫ, സി.പി. ഹുസൈന്‍, സി.പി. അബുട്ടി എന്നീ കര്‍ഷകരും റീ-എക്കൗ പ്രവര്‍ത്തകരും ചേര്‍ന്നാണ് പൂക്കളം പൂര്‍ത്തിയാക്കിയത്.

താമരകൃഷി ഒൗഷധകൃഷിയായി അംഗീകരിക്കുക, കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുക, തിരുനാവായയിലെ താമരക്കുളങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫ്ളോറല്‍ ടൂറിസം പ്രോജക്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റീ-എക്കൗ താമരമേള നടത്തിയത്. യു.ആര്‍.എഫ് ഏഷ്യന്‍ റെക്കോഡിന്‍െറ ഒൗദ്യോഗിക കൈമാറ്റം ജൂലൈ അവസാനം നിളാതീരത്ത് നടക്കുമെന്ന് റീ-എക്കൗ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.