പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം കുറ്റപത്രം ഉടനെന്ന് സര്‍ക്കാര്‍

കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍.
കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് നിയമപരമായി ജാമ്യം അനുവദിക്കാവുന്ന അറസ്റ്റിനുശേഷമുള്ള 90 ദിവസം തികയുന്നതിനകംതന്നെ കുറ്റപത്രം നല്‍കുമെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ളീഡര്‍ സി. റഷീദ് നൂറനാട് വ്യക്തമാക്കി. നിശ്ചിത സമയത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയുമോയെന്ന കാര്യം രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് പി. ഉബൈദ് കേസ് വീണ്ടും ജൂണ്‍ 22ന് കേള്‍ക്കാന്‍ മാറ്റി. ഈ ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് രേഖാമൂലം അറിയിക്കണം.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്രം ഭാരവാഹികളടക്കമുള്ളവരുടെ ജാമ്യഹരജികളാണ് കോടതി പരിഗണിച്ചത്. പ്രതികളായ ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ് പി.എസ്. ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടിപ്പിള്ള, പ്രസാദ്, സുരേന്ദ്രന്‍പിള്ള, രവീന്ദ്രന്‍പിള്ള, സോമസുന്ദരന്‍പിള്ള, മുരുകേഷ്, സുരേഷ്ബാബു, സുന്ദരേശന്‍പിള്ള, സുധീര്‍ ചെല്ലപ്പന്‍, കൊച്ചുമാണി, അജയന്‍, തുളസി, വിനോദ്, അശോകന്‍, മനോജ്, കുഞ്ഞുമോന്‍, വേണു, സുനില്‍, ഉമേഷ്കുമാര്‍, ദീപു, ജയകുമാര്‍, അശോകന്‍, ഷിബു, സജി ബേബി, അജി, സൈബു, വെടിക്കെട്ട് കരാറുകാരും നടത്തിപ്പുകാരുമായ കൃഷ്ണന്‍കുട്ടി, അനാര്‍ക്കലി തുടങ്ങിയവരുടെ ജാമ്യഹരജികളാണ് പരിഗണനയിലുള്ളത്. വ്യാഴാഴ്ച കേസ് പരിഗണിക്കവേ കുറ്റപത്രം നല്‍കാറായോയെന്ന് സര്‍ക്കാറിനോട് കോടതി ആരായുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.