സിമന്‍റ് വ്യാപാരികളുടെ സമരം: നിര്‍മാണമേഖല സ്തംഭനത്തിലേക്ക്

കോഴിക്കോട്: കമീഷന്‍ തര്‍ക്കത്തെതുടര്‍ന്ന് സിമന്‍റ് വ്യാപാരികളില്‍ ഒരു വിഭാഗം സമരം ആരംഭിച്ചതോടെ സംസ്ഥാനത്തെ നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്. സംസ്ഥാന സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച മുതല്‍ ഒരു കമ്പനിയുടെ സിമന്‍റ് ബഹിഷ്കരിച്ചുള്ള സമരം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ സിമന്‍റ് ഗുഡ്സ് ഷെഡുകളിലത്തെിയ വാഗണുകളില്‍നിന്ന് സിമന്‍റ് ഇറക്കാനാവാത്തത് റെയില്‍വേക്കും കനത്ത സാമ്പത്തികബാധ്യതയായി.

തുക മുഴുവന്‍ മുന്‍കൂര്‍ വാങ്ങിയാണ് വ്യാപാരികള്‍ക്ക് നിര്‍മാതാക്കള്‍ സിമന്‍റ് നല്‍കുന്നത്. ഇതില്‍നിന്ന് വ്യാപാരികള്‍ക്കുള്ള കമീഷന്‍ സാമ്പത്തിക വര്‍ഷാവസാനം ഒരുമിച്ച് നല്‍കുകയാണ് പതിവ്. ജൂണ്‍വരെയുള്ള ക്രെഡിറ്റില്‍ കമ്പനികളില്‍നിന്ന് കമീഷന്‍ ഇനത്തിലുള്ള തുക ലഭിക്കാതായതോടെയാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. ആദ്യഘട്ടമായി വിദേശ കമ്പനികളായ എ.സി.സിയുടെ സിമന്‍റുകളാണ് ബഹിഷ്കരിച്ചത്. 20 മുതല്‍ സുവാരി കമ്പനിയുടെ സിമന്‍റും ബഹിഷ്കരിക്കുമെന്ന് കേരള സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ആര്‍. ഫ്രാന്‍സിസ് പറഞ്ഞു. സംസ്ഥാനത്തെ അയ്യായിരത്തോളം സിമന്‍റ് വ്യാപാരികള്‍ക്കായി കോടികള്‍ ലഭിക്കാനുണ്ട്. ചെറുകിട വ്യാപാരികള്‍ക്ക് മാത്രം 15 മുതല്‍ 40 ലക്ഷം രൂപവരെ കമീഷന്‍ ഇനത്തില്‍ കിട്ടാനുണ്ട്. വന്‍കിട വ്യാപാരികള്‍ക്കിത് ഒരു കോടി രൂപ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിലവര്‍ധ ലക്ഷ്യമിട്ട് സിമന്‍റ് നിര്‍മാതാക്കള്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന്‍െറ ഭാഗമായാണ് ഇതെന്നും ആക്ഷേപമുണ്ട്. സിമന്‍റ് മാനുഫാക്ചേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായ വമ്പന്‍ കമ്പനികളാണ് കൃത്രിമക്ഷാമം ഉണ്ടാക്കുന്നതെന്ന് സിമന്‍റ് വ്യാപാരികള്‍ പറയുന്നു. ആവശ്യത്തിന് ആഭ്യന്തര ഉല്‍പാദനം നടന്നിട്ടുണ്ടെങ്കിലും അത് പൂഴ്ത്തിവെച്ച് ക്ഷാമം സൃഷ്ടിച്ച് വിലവര്‍ധിപ്പിക്കാനാണ് ശ്രമം. സിമന്‍റിന് നിലവില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ളത് കേരളത്തിലാണ്. കശ്മീരില്‍ 285 രൂപ വിലയുള്ള സിമന്‍റിന്  335 മുതല്‍ 420 വരെയാണ് സംസ്ഥാനത്തെ വില.

മുംബൈയിലും ആന്ധ്ര മാര്‍ക്കറ്റിലും സിമന്‍റിന് ചില്ലറ വിപണിയില്‍ 50 കിലോ ചാക്കൊന്നിന് 230 മുതല്‍ 250 രൂപവരെമാത്രം വിലയുള്ളപ്പോഴാണ് കേരളത്തില്‍ വലിയ വിലയും ക്ഷാമവും. മാര്‍ച്ച്വരെ 390 രൂപവരെയുണ്ടായിരുന്ന സിമന്‍റിന് ഇപ്പോള്‍ 410 രൂപയായി. 500 രൂപയില്‍ എത്തിക്കാനാണ് നിര്‍മാണക്കമ്പനികളുടെ ശ്രമം. ഒമ്പതുലക്ഷം ടണ്‍വരെയാണ് കേരളത്തിലേക്ക് പ്രതിമാസമുള്ള ശരാശരി സിമന്‍റ് ഇറക്കുമതി. അതിപ്പോള്‍ നാല് ടണ്‍വരെയായി താഴ്ന്നു. ജൂണ്‍ ഒന്നിനുശേഷം സിമന്‍റ് വരവ് നിലച്ചിരിക്കുകയാണ്. മൂന്നാഴ്ചയായി സംസ്ഥാനത്ത് സിമന്‍റിന് നേരിടുന്ന ക്ഷാമം സമരത്തോടെ രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിര്‍മാണമേഖല. ചെറുകിട നിര്‍മാതാക്കളെയും സാധാരണക്കാരെയും പൊതുമരാമത്ത് കരാറുകാരെയുമാണ് ക്ഷാമം ദുരിതത്തിലാക്കുക.

അതേസമയം, ഉല്‍പാദകരുമായി സഹകരിച്ച് സിമന്‍റ് ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിനാണ് ഡീലേഴ്സ് അസോസിയേഷന്‍ സമരത്തിന്‍െറ ലക്ഷ്യമെന്നാണ് വ്യാപാരികളുടെ മറ്റൊരു സംഘടനയായ സ്റ്റേറ്റ് സിമന്‍റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി അറിയിച്ചു. സമരം കാരണം സിമന്‍റ് ലഭിക്കാത്തവര്‍ തങ്ങളുടെ ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.