റോഡിലെ കുഴിയടക്കാന്‍ സ്വീകരിച്ച നടപടി എന്തെന്ന് ഹൈകോടതി

കൊച്ചി: നഗരപരിധിയിലെ റോഡുകളിലെ കുഴികളടക്കാനും നടപ്പാതകള്‍ സുരക്ഷിതമാക്കാനും അധികൃതര്‍ എന്തുനടപടി സ്വീകരിച്ചെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടി ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, വിശാലകൊച്ചി വികസന അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍ എന്നിവര്‍ രേഖാമൂലം കോടതിയെ അറിയിക്കണമെന്ന് ആക്ടിങ് ചീഫ്  ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
 
റോഡുകളില്‍ മരണക്കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ റോഷന്‍ ജേക്കബ് ഉമ്മന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊച്ചി കോര്‍പറേഷന്‍ റോഡുകളിലെ കുഴികള്‍ അടുത്തകാലത്ത് അടച്ചിരുന്നു. കുഴികളില്‍നിന്ന് മാലിന്യം നീക്കാതെ താല്‍ക്കാലികമായി മൂടിയതിനാല്‍ മഴ പെയ്തതോടെ വീണ്ടും ഇവ വന്‍ ഗര്‍ത്തങ്ങളായി മാറി. നടപ്പാതകള്‍ കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്. സ്ഥാപനങ്ങള്‍ക്കുമുന്നില്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇവര്‍ ചോദ്യംചെയ്യുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്ന നിലക്കാണ് വ്യാപാരികള്‍ റോഡില്‍ അവകാശമുന്നയിക്കുന്നത്. നടപ്പാതകളില്‍ അനധികൃത പാര്‍ക്കിങ്ങുമുണ്ട്.

ഇതുമൂലം യാത്രക്കാര്‍ക്ക് ഇടക്കിടെ റോഡിലിറങ്ങി നടക്കേണ്ടിവരുന്നു. പലയിടത്തും കാനക്കുമേല്‍ കോണ്‍ക്രീറ്റ് സ്ളാബില്ല. ഓടകളില്‍നിന്നും മറ്റുമുള്ള മാലിന്യം മഴവെള്ളത്തിനൊപ്പം ചേര്‍ന്ന് കാല്‍നടക്കാരുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നു. സുഗമമായ സഞ്ചാരം ഒരുക്കുക എന്നത് അധികാരികളുടെ ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും നടപ്പാക്കുന്നില്ല. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തില്‍പെടുന്നുണ്ട്. പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന അധികാരികളുടെ നടപടി വന്‍ ദുരന്തത്തിനുവരെ കാരണമാകാമെന്നതിനാല്‍ കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.