തിരുവനന്തപുരം: പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ‘ഗള്‍ഫ് മാധ്യമം’ സമര്‍പ്പിച്ച പ്രവാസി അവകാശപത്രികയിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ‘ഗള്‍ഫ് മാധ്യമം’ വായനക്കാരില്‍ നിന്ന് അഭിപ്രായ സമാഹരണം നടത്തി തയാറാക്കിയ പ്രവാസി അവകാശപത്രിക ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസില്‍ നിന്ന് ഏറ്റുവാങ്ങവെയായിരുന്നു പ്രവാസികാര്യ വകുപ്പിന്‍െറ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗള്‍ഫ് രാജ്യങ്ങളിലെ 30 ലക്ഷത്തോളം പ്രവാസികളുടെ പ്രശ്നങ്ങളാണ് അവകാശപത്രികയിലുള്ളത്. അടിയന്തര പരിഹാരം ആവശ്യമായ 15 ഇനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ക്രോഡീകരിച്ചാണ് സര്‍ക്കാറിനുമുന്നില്‍ ഗള്‍ഫ് മാധ്യമം സമര്‍പ്പിച്ചത്.ആകാശക്കൊള്ള, പ്രവാസിവോട്ട്, ഗള്‍ഫില്‍ നിന്ന് തിരിച്ചത്തെുന്നവരുടെ പുനരധിവാസം, മൃതദേഹം സൗജന്യമായി നാട്ടിലത്തെിക്കല്‍, നോര്‍ക്ക കാര്യക്ഷമമാക്കല്‍, പ്രവാസി പെന്‍ഷന്‍, നിക്ഷേപ അവസരം, പ്രവാസി സഹകരണ സംഘങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഉപരിപഠന പ്രതിസന്ധി, ഏക ജാലക സംവിധാനം, കരിപ്പൂര്‍ വിമാനത്താവളം, പ്രവാസി സ്ഥിതിവിവരക്കണക്കുകള്‍, ബി.പി.എല്‍-എ.പി.എല്‍ പ്രശ്നം, റിക്രൂട്ട്മെന്‍റ് തട്ടിപ്പ് തടയല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് നിര്‍ദേശങ്ങള്‍.
ഒരു മാസം നീണ്ട കാമ്പയിനിലൂടെ മനസ്സിലാക്കിയ പ്രശ്നങ്ങളും പ്രയാസങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ നയപരിപാടികളില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍, ന്യൂസ് എഡിറ്റര്‍ പി.എ. അബ്ദുല്‍ ഗഫൂര്‍, തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീര്‍, പബ്ളിക് റിലേഷന്‍സ് മാനേജര്‍ കെ.ടി. ഷൗക്കത്തലി, തിരുവനന്തപുരം റെസിഡന്‍റ് മാനേജര്‍ വി.സി. സലിം എന്നിവര്‍ പങ്കെടുത്തു. അടിയന്തരപരിഹാരം ആവശ്യപ്പെട്ട് ഗള്‍ഫ് മാധ്യമം തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിനും സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.