കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: ആര്‍. ചന്ദ്രശേഖരന്‍ അടക്കം നാലുപേര്‍ക്കെതിരെ കേസ്

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാനും എം.ഡിയും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മുന്‍ ചെയര്‍മാനായ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ഒന്നാംപ്രതിയും മുന്‍ എം.ഡി കെ.എ. രതീഷ് രണ്ടാംപ്രതിയുമാണ്. തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കഴിഞ്ഞ ഓണത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം കിടന്നതിനത്തെുടര്‍ന്ന് 30 കോടി രൂപ കോര്‍പറേഷന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍നിന്ന് 23.4 കോടിക്ക് 2000 ടണ്‍ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്.

തോട്ടണ്ടി ഇടപാടില്‍ അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കി. തുടര്‍ന്ന് ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടത്തെി. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കിലോക്ക് 103-107 രൂപ നിരക്കില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ 117 രൂപയാണ് കിലോക്ക് നല്‍കിയത്. 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86 കോടിയുടെ നഷ്ടം ഉണ്ടെന്നാണ് വിജിലന്‍സിന്‍െറ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയത്.

കൂടുതല്‍ പരിശോധനക്കുശേഷമേ നഷ്ടത്തിന്‍െറ യഥാര്‍ഥ കണക്ക് വ്യക്തമാകൂ. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോട്ടയത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കണ്ടത്തെിയിരുന്നു. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതി കൂടാതെ അളവില്‍ വെട്ടിപ്പും തോട്ടണ്ടിക്ക് ഗുണനിലവാരമില്ലാത്തതും ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയില്ല.

കൂടാതെ, വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനത്തെുടര്‍ന്ന് കടകംപള്ളി മനോജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ളെന്നാണ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് തുടര്‍നടപടിയുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.