ആന്ധ്ര അരിവരവ് നിലച്ചു; വില കുറയുന്നത് തടയാന്‍ ലോബികള്‍ കേരളത്തില്‍

തൃശൂര്‍: ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അരി കയറ്റുമതി മില്‍ ഉടമകള്‍ നിര്‍ത്തി വെച്ചു. രണ്ടാഴ്ചയായി കേരളത്തിലേക്കുള്ള അരിയുടെ അളവില്‍ കുറവ് വരുത്തിയ കര്‍ണാടക മില്‍ ഉടമകള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഒരു ലോഡ്പോലും അയക്കുന്നില്ല. നെല്‍ വില കൂടിയതിനു പുറമെ വൈദ്യുതി നിയന്ത്രണം മൂലം ഉല്‍പാദനം കുറക്കേണ്ടിവന്നതാണ് നിര്‍ത്തിവെക്കലിനു കാരണമെന്നാണ് വാദമെങ്കിലും അരിവില കൂട്ടാനുള്ള ഇടനിലക്കാരായ മാഫിയകളുടെ നീക്കമാണ് സ്തംഭനത്തിന് പിന്നിലെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്ത് സീസണ്‍ ആരംഭിച്ചതോടെ വില കുറയുമെന്ന ആശങ്കയാണ് കൃത്രിമക്ഷാമത്തിനു പിന്നിലെന്നാണ് വ്യാപാരികളുടെ അഭിപ്രായം. സംസ്ഥാനത്തെ അരി വില കുറയുന്നത് തടയാന്‍ ആന്ധ്രയിലെ കച്ചവട ലോബി കേരളത്തിലത്തെിയതായാണ് വിവരം. ആന്ധ്രയില്‍ നിന്ന് എത്തുന്ന ജയ, സുരേഖ ഇനങ്ങളുടെ വില താഴേക്ക് പോകുന്നത് തടയാനും കൂടിയ വില നിലനിര്‍ത്താനുമാണ് ആന്ധ്രലോബി തമ്പടിച്ചതെന്ന് മൊത്തവ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ആന്ധ്ര, കര്‍ണാടക  മില്ലുടമകളും ഇടനിലക്കാര്‍ക്കുമൊപ്പം, കേരളത്തില്‍ നിന്നും വമ്പന്‍ വ്യാപാരി പ്രതിനിധികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഒരാഴ്ചയായി ആന്ധ്ര അരി വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരി വില കിലോക്ക് അഞ്ച് രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതും, വിപണി ഇടപെടല്‍ ശക്തമാക്കിയതും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിയന്ത്രണമില്ലാത്ത വിധമുള്ള വിലക്കുതിപ്പിന് കഴിയാത്തതിനാല്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള മാര്‍ഗമായാണ് കയറ്റുമതിയില്‍ ഇടപെട്ടതെന്നാണ് ആരോപണം. ആന്ധ്ര അരി ഇ- ടെന്‍ഡര്‍ ചെയ്താണ് കേരളം വാങ്ങുന്നത്.  കേരളത്തെ ലക്ഷ്യംവെച്ച് നിലനില്‍ക്കുന്ന സുരേഖ, ജയ തുടങ്ങിയവയുടെ വിപണി താഴേക്ക് പോകാതിരിക്കാന്‍ ആന്ധ്രാലോബി ഏറെ നീക്കം നടത്തുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.  

കര്‍ഷകര്‍ വില ഉയര്‍ത്തിയ കാരണം ചൂണ്ടിക്കാട്ടി ആന്ധ്രയിലെ മില്ലുടമകളും അരിവില 24 രൂപയില്‍ നിന്ന് 28 മുതല്‍ 29 വരെയാക്കി കൂട്ടിയിട്ടുണ്ട്. ഇതനുസരിച്ച് കമ്പോളത്തില്‍ 32 രൂപയായും അരിവില ഉയര്‍ന്നു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും അരി വരവ് കുറഞ്ഞതിനാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആന്ധ്ര അരിക്ക് ഡിമാന്‍ഡ് ഉണ്ടായതും വില കൂടാന്‍ ഇടയാക്കി. ഇതോടൊപ്പം ഗള്‍ഫ് നാടുകളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. വിഷയം ചര്‍ച്ച  ചെയ്യാന്‍ അരി വ്യാപാരികളെയും മില്ലുടമകളെയും ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.