നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന ആരോപണം: ആശുപത്രിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍െറ പരിശോധന

കൊച്ചി: നഴ്സ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ അവസാനിക്കുന്നില്ല. ആര്‍.എം.പി നേതാവ് കെ.കെ. രമയുടെയും ആശുപത്രി അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ജി. ബാബുകുമാറിന്‍െറ നേതൃത്വത്തില്‍ എട്ടംഗ സംഘം അമൃത ആശുപത്രിയില്‍ പരിശോധന നടത്തി. സംഭവം നടന്നെന്ന് പറയപ്പെടുന്ന മേയ് 31 മുതലുള്ള ആശുപത്രിയിലെ രജിസ്റ്ററുകളും രേഖകളും പൊലീസ് പരിശോധിച്ചെന്നും എന്നാല്‍, സംഭവം നടന്നെന്ന് തെളിയിക്കുന്നതൊന്നും ലഭിച്ചില്ളെന്നും സൂചനയുണ്ട്.

വരുംദിവസങ്ങളില്‍ ആശുപത്രിയിലെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചേക്കും. ആശുപത്രിയും സംഭവം നടന്നെന്ന് പറയപ്പെടുന്ന സ്ഥലവും പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. അതിനിടെ, സാമൂഹികമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സംഭവം അന്വേഷിക്കാന്‍ എ.ഡി.ജി.പി ശ്രീലേഖയെ ചുമതലപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഒൗദ്യോഗികമായി തനിക്ക് അന്വേഷണച്ചുമതലയില്ളെന്ന് എ.ഡി.ജി.പി പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരുസ്ത്രീയെന്ന നിലയിലുള്ള അനൗദ്യോഗിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു.

സംഭവത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരി സാറാ ജോസഫിന്‍െറ നേതൃത്വത്തില്‍ സാമൂഹികപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാമൂഹികനീതി മന്ത്രിക്കും നിവേദനം നല്‍കി. കെ. അജിത, ഡോ. പി. ഗീത, എസ്. ശാരദക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.  എറണാകുളം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഒൗദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ളെന്നും അന്വേഷണം നടക്കുന്നില്ളെന്നുമാണ് പൊലീസ് സ്റ്റേഷനില്‍നിന്ന് അറിയിച്ചത്. അതിനിടെ, ബലാത്സംഗത്തിനിരയായ നഴ്സ് മരിച്ചെന്നും പ്രചരിക്കുന്നുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ളെന്നും ആസൂത്രിത ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.