ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് ശാപമോക്ഷമാകുന്നു

കൊച്ചി: എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് ശാപമോക്ഷമാകുന്നു. സ്റ്റേഷന്‍െറ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്ന ആവശ്യത്തിന് ഈ മാസം 15ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നവീകരണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കമാകും. കൊച്ചി ഹാര്‍ബര്‍ ടെര്‍മിനല്‍സ് സ്റ്റേഷന്‍െറ ഉദ്ഘാടവും ഇതോടൊപ്പം നടക്കുമെന്ന് ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസനസമിതി അറിയിച്ചു.

നഗരമധ്യത്തില്‍ കാട് കയറി നശിക്കുന്ന നൂറ്റാണ്ടുകളുടെ പൈതൃകമുറങ്ങുന്ന ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിച്ച് പാസഞ്ചര്‍ സര്‍വിസ് ആരംഭിക്കണമെന്നതാണ് നഗരവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം.  നവീകരണത്തിന്‍െറ ഭാഗമായി പാളം ബലപ്പെടുത്തല്‍, സിഗ്നലിങ്, പ്ളാറ്റ്ഫോം തുടങ്ങിയവക്ക് എസ്റ്റിമേറ്റ് തയാറാക്കി നിവേദനങ്ങള്‍ നല്‍കി നഗരവാസികള്‍ കാത്തിരിക്കുകയായിരുന്നു. കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസിനെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നോടെ കൈവരിക്കാനാവുമെന്ന് വികസന സമിതി ചൂണ്ടിക്കാട്ടി. രണ്ടുമാസത്തിനകം സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

42 ഏക്കറില്‍ മംഗളവനത്തോടുചേര്‍ന്നുള്ള സ്റ്റേഷന്‍ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധം നിലവിലുള്ള വിക്ടോറിയന്‍ ശൈലി കൈവിടാതെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനാക്കി മാറ്റുകയാണ് പുനരുദ്ധാരണത്തില്‍ ലക്ഷ്യമിടുന്നത്. ഹാര്‍ബര്‍ ടെര്‍മിനസും അനുബന്ധ സ്റ്റേഷനുകളും ഉള്‍പ്പെടുത്തി സമ്പൂര്‍ണ സിറ്റി സര്‍വിസ് തുടങ്ങാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസും എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷനും നവീകരിച്ച് മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്ന് കെ.വി. തോമസ് എം.പി റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.എം. മിത്തന്‍ എന്നിവരുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

മംഗളവനത്തിനുസമീപം കാട് കയറി കിടക്കുന്ന റെയില്‍വേ സ്റ്റേഷനായിരുന്നു നൂറ്റാണ്ടിനുമുമ്പ് പ്രധാന സ്റ്റേഷന്‍. ആദ്യം പാസഞ്ചര്‍ സ്റ്റേഷനും പിന്നീട് ഗുഡ്സ് സ്റ്റേഷനുമായി. 1975ല്‍ മാര്‍ഷലിങ് യാര്‍ഡ് ഇവിടെനിന്ന് മാറ്റിയതോടെ ഗുഡ്സ് ഡിപ്പോയാക്കി മാറ്റി. അധികം താമസിയാതെ അതും നിലച്ചു. ഇടപ്പള്ളിയില്‍നിന്ന് ആറു കി.മീ. അകലെയാണ് പഴയ റെയില്‍വേ സ്റ്റേഷന്‍.

റെയില്‍വേ വാക്ക് പാലിക്കണമെന്ന് ഹൈബി ഈഡന്‍

എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ അധികൃതര്‍ പല സമയങ്ങളിലായി നല്‍കിയ വാക്കുകള്‍ പാലിക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. റെയില്‍വേ സ്റ്റേഷന്‍ പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന നാല്‍പതോളം കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഹൈകോടതിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു. ഇവരെ പുനരധിവസിപ്പിച്ച് മാത്രമേ ഇവിടെ പ്രവര്‍ത്തനമാരംഭിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ വാക്ക് പാലിക്കുന്നതിനാവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.

ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്നത് പരിസരത്തെ മംഗളവനത്തിന്‍െറ ജൈവസവിശേഷതകള്‍ തകര്‍ക്കപ്പെടാതെ സംരക്ഷണം ഉറപ്പുവരുത്തിയായിരിക്കണം. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുമ്പോള്‍ പച്ചാളം ഭാഗത്ത് രൂപപ്പെടാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്കിനെക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും റെയില്‍വേ പദ്ധതി തയാറാക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.