ലൈസന്‍സ് ഫീസ് വേണമെന്ന നിലപാടിലുറച്ച് കമീഷന്‍

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ലൈസന്‍സ് ഫീസ് അടയ്ക്കണമെന്ന നിലപാടിലുറച്ച് റെഗുലേറ്ററി കമീഷന്‍. കുടിശ്ശിക പലിശ സഹിതം അടയ്ക്കാനും ഈ തുക വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോള്‍ അതില്‍ വകകൊള്ളിക്കാമെന്നും കമീഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി ബോര്‍ഡിനെ ലൈസന്‍സ് ഫീസില്‍നിന്ന് ഒഴിവാക്കണമെന്ന് നേരത്തേ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുശേഷവും ലൈസന്‍സ് ഫീസ് നല്‍കണമെന്ന് തന്നെയാണ് കമീഷന്‍ നിലപാട്. ഇതോടെ ഈ വിഷയത്തില്‍ വൈദ്യുതി ബോര്‍ഡും കമീഷനും തമ്മിലെ അഭിപ്രായഭിന്നത വീണ്ടും മറനീക്കി. ബോര്‍ഡ് നല്‍കുന്ന ലൈസന്‍സ് ഫീസ് നിരക്ക് വര്‍ധനയായി ഉപഭോക്താക്കളുടെ ചുമലില്‍വരും.
സാമ്പത്തികവര്‍ഷം വൈദ്യുതി വില്‍പന വരുമാനത്തിന്‍െറ 0.03 ശതമാനമാണ് ലൈസന്‍സ് ഫീസ്. 2006 മുതല്‍ ഇത് നല്‍കണമെന്നാണ് കമീഷന്‍ നിലപാട്. എന്നാല്‍, ബോര്‍ഡ് ഇതിന് തയാറായില്ല. വൈദ്യുതി ബോര്‍ഡിനെ ലൈസന്‍സ് ഫീസില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍, കമീഷന്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാട്ടിയിട്ടില്ല.

2006-07 മുതല്‍ 2010-11വരെ 6.43 കോടി രൂപ ലൈസന്‍സ് ഫീസും 2016 വരെ 7.38 കോടി പലിശയായും നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. 2016-17 മുതല്‍ ലൈസന്‍സ് ഫീസ് കൃത്യമായി നല്‍കണം. ഈ തുക ബോര്‍ഡിന്‍െറ വാര്‍ഷിക വരവ്-ചെവല് കണക്കുകളില്‍ ഉള്‍പ്പെടുത്താം.
ഇതോടെ ഇത് താരിഫ് വര്‍ധനയായി വരും. പലിശ തുക വൈദ്യുതി ബോര്‍ഡ് സ്വന്തംനിലക്ക് തന്നെ വഹിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2015 വരെയുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. നേരത്തേ കമീഷന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് അടച്ച 7.95 കോടി പഴയകണക്കില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവും തള്ളിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.