അഹമ്മദ്കോയക്ക് മുന്തിരി പുളിക്കില്ല; രാഷ്ട്രീയവും

നന്മണ്ട: കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് ചൊല്ളെങ്കിലും നന്മണ്ട കരിക്കരികണ്ടി അഹമ്മദ്കോയയുടെ നിഘണ്ടുവില്‍ അങ്ങനെയൊന്നില്ല. മുന്തിരിക്കൃഷിയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ നടത്തുന്ന ഇദ്ദേഹത്തിന് രണ്ടിലും ‘പുളിക്കുന്ന’ അനുഭവങ്ങളില്ല. രാഷ്ട്രീയത്തിന് മുന്തിരിയേക്കാള്‍ ഇരട്ടിമധുരവുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഹമ്മദ്കോയക്ക് ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം ടിക്കറ്റ് നല്‍കാന്‍ സന്നദ്ധരായപ്പോള്‍ വേണ്ടെന്നുവെച്ചയാളാണ്.

നാട്ടില്‍ അധികമാരും കൈവെക്കാത്ത മുന്തിരികൃഷി പരീക്ഷിക്കാനായിരുന്നു പ്രവാസിയായ അഹമ്മദ്കോയയുടെ തീരുമാനം. മുന്തിരികൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, മണ്ണുസംരക്ഷണം, ജലം ഇവയെല്ലാം ലഭ്യമാകുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്താക്കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി വീടിന്‍െറ ടെറസിലും കാര്‍പോര്‍ച്ചിനരികിലുമായി മുന്തിരി വിളവെടുപ്പ് നടത്തിവരുകയാണ്. രാസവളപ്രയോഗമില്ലാതെ വേപ്പിന്‍പിണ്ണാക്കു മാത്രം ഉപയോഗിച്ചാണ് തൈകള്‍ വളര്‍ത്തുന്നത്. റമദാന്‍ വ്രതക്കാലത്ത് കരിക്കരികണ്ടി ഭവനത്തിലത്തെുന്നവര്‍ക്കും പ്രധാന വിഭവമായി നല്‍കുന്നത് താന്‍ നട്ടുവളര്‍ത്തിയ മുന്തിരിയാണ്. സപ്പോട്ടയും മുസംബിയുമുണ്ടെങ്കിലും ഇവിടുത്തെ താരം മുന്തിരിക്കുലകള്‍ തന്നെ.
ഇപ്പോള്‍ വീടിന്‍െറ മതിലുകള്‍ ഹരിതവേലികള്‍കൊണ്ട് സുരക്ഷിതമാക്കാനുള്ള പ്രയത്നത്തിലാണ്. നന്മണ്ട 13 ടൗണിന്‍െറ ഹൃദയഭാഗത്ത് താമസമായതിനാല്‍ മലിനീകരണത്തില്‍നിന്ന് രക്ഷകിട്ടാനും ശുദ്ധവായു ശ്വസിക്കാനുമാണ് ഹരിതവേലിയെന്ന ആശയത്തിലേക്ക് ഭാര്യ അയിഷുവിനെ കൊണ്ടത്തെിച്ചത്. കുറ്റിനമ്പ്യാര്‍വട്ടം, ഗോള്‍ഡന്‍, ഗ്രീന്‍ ഇവയെല്ലാം വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് കൊപ്ര വ്യാപാരിയായിരുന്ന പിതാവ് മൊയ്തീന്‍കോയയുടെ കാലത്ത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ സംഗമവേദി കൂടിയായിരുന്നു ഈ ഭവനം. അഹമ്മദ്കോയക്കും രാഷ്ട്രീയത്തില്‍ പിച്ചവെച്ചുനടക്കാന്‍ കഴിഞ്ഞത് ഈ വീടിന്‍െറ അകത്തളത്തില്‍ നടന്ന ചര്‍ച്ചകള്‍ കൊണ്ടുതന്നെ. ഇ. മൊയ്തു മൗലവി, എന്‍.പി. മൊയ്തീന്‍, ഡോ. കെ.ജി. അടിയോടി, ഡോ. ഒ.കെ. ഗോവിന്ദന്‍, കൊടുവള്ളി ഫര്‍ക്കയിലെ എം.എല്‍.എയായിരുന്ന ഗോപാലന്‍ നായര്‍, കരിപ്പാല രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ നിത്യസന്ദര്‍ശകരായിരുന്നു.

കോഴിക്കോട് ബാലുശ്ശേരി റൂട്ടില്‍ എന്‍.വി ബസ് കമ്പനിക്കാരുടെ കരിവണ്ടി ഓടിയിരുന്ന കാലഘട്ടത്തില്‍ കരിക്കരികണ്ടി ഭവനം യാത്രക്കാരുടെയും വഴിപോക്കരുടെയും അത്താണിയായിരുന്നു. സാധാരണക്കാരുടെ വേദന അറിയാനും അവരിലേക്ക് സഹായഹസ്തങ്ങള്‍ നീളാനും ഈ വീട്ടുകാര്‍ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. പിതാവിന്‍െറ വഴിയെ മകനും രാഷ്ട്രീയജ്വരം ബാധിച്ചു. തിയ്യക്കോത്ത് അങ്കണവാടിക്ക് മൂന്നുസെന്‍റ് സ്ഥലം സൗജന്യമായി നല്‍കി സമൂഹത്തിന് മാതൃകയായി. മൊയ്തു മൗലവിയുടെ കാര്‍മികത്വത്തില്‍ നിക്കാഹ് നടക്കാതെ പോയതിന്‍െറ വേദന മനസ്സില്‍ ഇപ്പോഴും നീറ്റലായി അവശേഷിക്കുന്നു. അടുത്തവര്‍ഷം കൂടുതല്‍ സ്ഥലം മുന്തിരിക്കൃഷിക്കായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഈ പ്രവാസിയുടെ പരിശ്രമം. ഭാര്യ അയിഷു തിയ്യക്കോത്ത് അങ്കണവാടി ടീച്ചാണ്. മക്കള്‍: അന്‍സി, സന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.