പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്‍െറ നിയന്ത്രണം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്‍െറ നിയന്ത്രണം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ കീഴിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചന. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കകം തീരുമാനമുണ്ടായേക്കും. മെഡിക്കല്‍ കോളജില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ക്രമക്കേടുകളും ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് പരിശോധിക്കാന്‍ പട്ടികജാതി വികസന വകുപ്പ് തീരുമാനിച്ചു. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മെഡിക്കല്‍ കോളജിന്‍െറ ഭാവി നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുക. സ്വകാര്യ-പൊതു പങ്കാളിത്തത്തില്‍ തുടങ്ങാനായി യു.ഡി.എഫ് തീരുമാനിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിയില്‍നിന്ന് പുതിയ സര്‍ക്കാര്‍ പിന്മാറിയിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് കീഴിലാണ് നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ നടത്തിപ്പ്.

പട്ടികജാതി വികസന വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍ 800 കോടിയോളം രൂപ മുതല്‍മുടക്കിയാണ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. സ്ഥാപനത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 80 ശതമാനം സീറ്റ് സംവരണമുണ്ട്. ബജറ്റ് സപ്പോര്‍ട്ട് നാമമാത്രമായതിനാല്‍ മെഡിക്കല്‍ കോളജിന്‍െറ ഭാവി നടത്തിപ്പ് ചോദ്യചിഹ്നമായിരുന്നു. സ്വകാര്യപങ്കാളിത്തത്തിലൂടെ സ്ഥാപനം നിലനിര്‍ത്തി കൊണ്ടുപോകാനാണ് യു.ഡി.എഫ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കോര്‍പസ് ഫണ്ട് ഉപയോഗിച്ചാണ് രണ്ട് വര്‍ഷമായി ശമ്പളമടക്കം ചെലവുകള്‍ നല്‍കുന്നത്. ഇത് അധികകാലം തുടരാനാവില്ല. പുതിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഉടനടി തീരുമാനമെടുക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയായിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് പാലക്കാട് മെഡിക്കല്‍ കോളജിനെ മാറ്റണമെന്നാണ് സി.പി.എം നിലപാട്. ഈ രീതിയില്‍ മാറ്റത്തിനുള്ള സാധ്യത പട്ടികജാതിക്ഷേമ മന്ത്രി എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ് നടത്തിപ്പിനുള്ള വന്‍ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിന് മുമ്പിലുള്ള തടസ്സം. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണെങ്കിലും സ്ഥാപനം പ്രതിസന്ധിയിലായാല്‍ എല്‍.ഡി.എഫ് പ്രതിക്കൂട്ടിലാവും. പട്ടികജാതി ക്ഷേമ വകുപ്പിന് കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ളെന്ന് സര്‍ക്കാര്‍ കരുതുന്നു. സ്വകാര്യവത്കരണത്തോട് സര്‍ക്കാറിന് യോജിപ്പുമില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റുക മാത്രമാണ് ഏക പോംവഴി.

മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറിലേറെ നിയമനങ്ങള്‍ മെഡിക്കല്‍ കോളജില്‍ നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇവരെ സ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന മന്ത്രിസഭാ യോഗത്തില്‍ എടുത്ത വിവാദ തീരുമാനം മന്ത്രിസഭ ഉപസമിതിയുടെ സജീവ പരിഗണനയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.