മലബാറിന് പ്രഖ്യാപിച്ച ദുരന്തനിവാരണ സേന കടലാസിലൊതുങ്ങി

കോഴിക്കോട്: പ്രകൃതി ദുരന്തസാധ്യത ഏറിയ മലബാറിന് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) കടലാസില്‍തന്നെ. എട്ട് പേരുടെ ജീവന്‍ അപഹരിച്ച പുല്ലൂരുമ്പാറ ഉരുള്‍പൊട്ടലും സൂനാമി ദുരന്തവുമടക്കം നിരവധി പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയായ മലബാര്‍ മേഖലക്ക് ഏഴ് വര്‍ഷം മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കോഴിക്കോട് ആസ്ഥാനമായുള്ള ദേശീയ ദുരന്തനിവാരണ സേന. എന്നാല്‍, പദ്ധതിയുടെ തുടര്‍നടപടികളെ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് യാതൊരു വിവരവുമില്ല.

നിലവില്‍ മലബാര്‍ മേഖലയില്‍ എന്തെങ്കിലും പ്രകൃതി ദുരന്തമുണ്ടായാല്‍ ചെന്നൈയിലെ ആര്‍ക്കോണത്ത് നിന്നുള്ള സേനയെയാണ് ആശ്രയിക്കുന്നതെന്ന് ഫയര്‍ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രകൃതി ദുരന്തസാധ്യത ഏറിയ പ്രദേശമാണ് കോഴിക്കോടെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ സഹായത്താല്‍ കോഴിക്കോട് കോര്‍പറേഷന്‍ നടത്തിയ പഠനമാണ് ഇതില്‍ പ്രധാനം. ജില്ലയെ റിക്ടര്‍ സ്കേലില്‍ അഞ്ച് മുതല്‍ 6.5 വരെ ഭൂകമ്പ സാധ്യതയുള്ളതായി ഇന്ത്യയുടെ സീസ്മിക് മാപ്പില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമ്പോള്‍ സംസ്ഥാനത്ത് 96.5 ശതമാനം ദുരന്തസാധ്യതയുള്ള ഭൂപ്രദേശമാണിത്. കുത്തനെയുള്ള ഭൂപ്രകൃതിയും ഹൈറേഞ്ച് പ്രദേശങ്ങളും കൂടുതലുള്ള കാവിലുംപാറ, കക്കയം പഞ്ചായത്തുകളില്‍ പ്രകൃതിദുരന്ത സാധ്യത ഏറെയാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണസേനയുടെ ഒരു യൂനിറ്റിന്‍െറ സ്ഥിര സാന്നിധ്യം സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണെന്ന അഭിപ്രായമാണ് ഫയര്‍ഫോഴ്സിനടക്കമുള്ളത്. എന്‍.ആര്‍.ഡി.എഫിന്‍െറ റീജ്യനല്‍ ക്യാമ്പ് ഓഫിസിനായി വെങ്ങേരിയില്‍ മൊത്ത വിതരണ മാര്‍ക്കറ്റില്‍ സ്ഥലം അനുവദിക്കുമെന്ന് ജില്ലാ ഭരണകൂടം വാഗ്ദാനം നല്‍കിയിട്ടും ഇതുവരെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരമില്ളെന്നാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി പ്രതികരിച്ചത്.  

 2014ല്‍ ജില്ലയിലെ കാലവര്‍ഷക്കെടുതികളില്‍പെട്ടവര്‍ക്ക് സഹായദൗത്യവുമായി ആര്‍ക്കോണത്ത് നിന്നുള്ള നാലാം ബറ്റാലിയനിലെ നാല് ഓഫിസര്‍മാരടക്കം 42 പേരടങ്ങുന്ന സംഘം താമരശ്ശേരി കോരങ്ങാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്യാമ്പ് ചെയ്തിരുന്നു. നീന്തല്‍, മലകയറ്റം തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളെയാണ് സാധാരണയായി സി.ഐ.എസ്.എഫില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ദുരന്തനിവാരണ സേനയിലേക്ക് തെരഞ്ഞെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.